| Tuesday, 7th October 2025, 5:22 pm

ഹൃദയത്തോട് ഒരിഷ്ടക്കൂടുതലുണ്ട്; വിനീതിനൊപ്പം സിനിമ ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ റോള്‍ മാത്രമായിരിക്കില്ല: വിശാഖ് സുബ്രഹ്‌മണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യം കേട്ടപ്പോള്‍ തന്നെ ഹൃദയത്തിന്റെ കഥയോട് തനിക്ക് ചേര്‍ന്നുനില്‍ക്കാന്‍ പറ്റിയിരുന്നുവെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. മെക്കാനിക്കല്‍  എഞ്ചിനിയറിങ്ങാണ് താനും പഠിച്ചതെന്നും സൗഹൃദവും പ്രണയവും ബ്രേക്കപ്പും പിന്നീട് ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഒപ്പം പഠിച്ചൊരാളുടെ കല്യാണത്തിനായുള്ള കൂടിച്ചേരലുമെല്ലാം നേരിട്ട് കണ്ടതും അനുഭവിച്ചതുമാണെന്നും അദ്ദേഹം പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു വിശാഖ്.

‘എല്ലാം കൊണ്ടും ഹൃദയം സിനിമയോട് ഇന്നും ഒരിഷ്ടക്കൂടുതലുണ്ട്. വിനീതിനൊപ്പം സിനിമ ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ റോള്‍ മാത്രമായിരിക്കില്ല പലപ്പോഴും, എഴുതുന്ന സമയത്ത് തന്നെ മനസിലേക്ക് കയറിവരുന്ന ആശയങ്ങള്‍ വിനീത് പങ്കുവയ്ക്കും. ഒപ്പമുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയാനാണ് പലപ്പോഴും അങ്ങനെ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ജോലികള്‍ തുടങ്ങി വരുന്ന സമയത്താണ് നമുക്ക് മൂന്നാമത് ഒരു സിനിമ കൂടി ചെയ്താലോയെന്ന് വിനീത് ചോദിക്കുന്നത്, അത്തരമൊരു രീതി പതിവില്ലാത്തതായിരുന്നു. അടുത്തൊരു സിനിമയെക്കുറിച്ച് അതുവരെ പറഞ്ഞ് കേട്ടിട്ടില്ലാത്തതിനാല്‍ ഇതെന്താ പെട്ടെന്ന് ഇങ്ങനെയൊരു ടോക്ക് എന്നാണ് ഞാന്‍ ചിന്തിച്ചത്,’ വിശാഖ് പറയുന്നു.

നോബിളുമായി നടന്ന  സംസാരത്തെ കുറിച്ചും അവനെത്തന്നെ പ്രധാന കഥാപാത്രമാക്കി കരം ചെയ്യാമെന്നും വിനീത് പറഞ്ഞിരുന്നു. എന്നാല്‍ ആ സിനിമ നിര്‍മിക്കാമെന്ന് പറയാന്‍ തനിക്ക് കൂടുതലായി ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥ കേള്‍ക്കുന്നതിന് മുമ്പ് തന്നെ താന്‍ സമ്മതമറിയിച്ചിരുന്നുവെന്നും വിശാഖ് പറഞ്ഞു. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റിലീസ് ചെയ്ത കരത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Content highlight: Visakh Subramaniam talks about Vineeth Sreenivasan and the movie Hridayam

We use cookies to give you the best possible experience. Learn more