| Wednesday, 18th February 2026, 2:49 pm

നിന്നെ പോലെ ഒരുത്തനെ ഞാൻ എങ്ങനെ സ്നേഹിക്കും? കാണാൻ കൊള്ളില്ല എന്ന് പറഞ്ഞവളുടെ മുന്നിൽ മാസ് എൻട്രിയുമായി ചെറിയാൻ

നന്ദന എം.സി

ഗണേഷ് രാജ് സംവിധാനം ചെയ്‌ത ആനന്ദത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖ് നായർ.

അദ്വൈത് നായർ സംവിധാനം ചെയ്‌ത്‌ തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചത്താ പച്ചയിൽ ചെറിയാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വിശാഖ് ശ്രദ്ധ നേടിയിരുന്നു.

ആക്ഷൻ ത്രില്ലർ ഴോണറിലൊരുക്കിയ ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്‌ത താരം വലിയ പ്രശംസ നേടിയിരുന്നു.

വിശാഖ് നായർ, Photo: Vishak Nair/ Facebook

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു വ്യക്തിപരമായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് ഏറെ ഭാരം ഉണ്ടായിരുന്നുവെന്നും, ഏകദേശം 80 മുതൽ 84 കിലോ വരെ വണ്ണമുണ്ടായിരുന്നുവെന്നും വിശാഖ് പറയുന്നു.

ഒമ്പതാം ക്ലാസ്സിൽ ഒരു സഹപാഠിയോട് പ്രണയം തോന്നി തുറന്നു പറഞ്ഞപ്പോൾ, നിന്നെ പോലെ ഒരുത്തനെ എങ്ങനെ സ്നേഹിക്കും? നിന്നെ കാണാൻ കൊള്ളില്ല, നിനക്ക് ഒരു പേഴ്സണാലിറ്റി ഇല്ല എന്നായിരുന്നു മറുപടി. ആ വാക്കുകൾ തന്റെ ജീവിതത്തിൽ വലിയ തിരിഞ്ഞുനോട്ടമായി മാറിയെന്നാണ് താരം തുറന്നു പറയുന്നത്.

‘എട്ടാം ക്ലാസ് ഒമ്പതാം ക്ലാസ് സമയത്തെല്ലാം എനിക്ക് ഭയങ്കര തടി ആയിരുന്നു.. ഏകദേശം 80-84 കിലോഗ്രാം എനിക്ക് അന്ന് ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ്സിൽ ആയപ്പോൾ എനിക്ക് ഒരു കുട്ടിയോട് പ്രേമം തോന്നി, അവളുടെ അടുത്ത് പോയി ഞാൻ പറഞ്ഞു.

വിശാഖ് നായർ, മമ്മൂട്ടി, Photo: Vishak Nair/ Facebook

അവൾ എന്നോട് നിന്നെ പോലെ ഒരുത്തനെ ഞാൻ എങ്ങനെ സ്നേഹിക്കും, നിന്നെ കാണാൻ കൊള്ളില്ല നിനക്ക് ഒരു പേഴ്സണാലിറ്റി ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി. അന്ന് തൊട്ട് എന്നും രണ്ട് -മൂന്ന് കിലോമീറ്റർ ഓടാൻ പോകും, എന്നിട്ട് രണ്ട് വർഷത്തിനുള്ളിൽ കുറെ വെയിറ്റ് കുറച്ചു.

നല്ല രീതിയിൽ സ്ലിം ആയി, ഫുഡ്‌ ഒകെ കുറച്ചു സെറ്റ് ആക്കി, ശേഷം അവൾക്ക് ഞാൻ ഒന്നുകൂടെ മെസ്സേജ് അയച്ചിരുന്നു ആനന്ദം മൂവിയുടെ സമയത്ത്,’ വിശാഖ് നായർ പറഞ്ഞു.

ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോഡി ഷെയിമിങ്ങിന് ഇരയായവർക്ക് ഏറെ റിലേറ്റബിൾ ആയ അനുഭവമാണിതെന്നാണ് നിരവധി കമന്റുകൾ പറയുന്നത്.

ഇതാണ് യഥാർത്ഥ മാസ് മൊമന്റ്, തള്ളിയവർക്ക് മുന്നിൽ ഉയർന്ന് നിൽക്കുക എന്നത് തന്നെ വലിയ വിജയം എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്.

ഒരു ലളിതനായ കോളേജ് കഥാപാത്രത്തിൽ നിന്ന് ആക്ഷൻ ത്രില്ലറിൽ പക്വമായ വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഉയർന്ന വിശാഖ് നായറിന്റെ യാത്ര, പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാറ്റം സാധ്യമാണെന്ന് തെളിയിക്കുന്ന ഉദാഹരണമാണെന്നും ആരാധകർ കുറിക്കുന്നു.

Content Highlight: Visakh Nair recounts his childhood memories

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more