| Monday, 19th January 2026, 4:28 pm

സ്വയം നായകനെന്ന് കരുതുന്ന കഥാപാത്രമാണ് ചെറിയാന്‍; എല്ലാ ക്രഡിറ്റും അദ്വൈതിന്: വിശാഖ് നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ച. ഡബ്ല്യൂ. ഡബ്ല്യു. ഇയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

സിനിമയില്‍ ചെറിയാന്‍ എന്ന കഥാപാത്രമായാണ് വിശാഖ് നായര്‍ എത്തുന്നത്. ഇപ്പോള്‍ വനിതാ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ചും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് സിനിമക്ക് ശേഷം തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് വിശാഖ്.

‘ചത്താ പച്ചയില്‍ ഞാന്‍ വില്ലനാണോ, അല്ലയോ എന്ന് എനിക്കിപ്പോള്‍ പറയാന്‍ പറ്റില്ല. ഇതില്‍ എന്റേത് വെല്‍ ഡവലപ്പ്ഡായിട്ടുള്ള ഒരു കഥാപാത്രമാണ്. അയാളുടെതേയായ കാഴ്ചപ്പാടുകളും മോട്ടീവ്‌സുമൊക്കെയുള്ള ആളാണ്. അയാളുടെ പോയിന്റ് ഓഫ് യൂവില്‍ അയാളാണ് അവിടുത്തെ നായകന്‍. ബാക്കിയുള്ളവരൊക്കെ വില്ലന്‍മാരാണ്.

അങ്ങനെ ചിന്തിക്കുന്ന ഒരു മനുഷ്യനാണ് എന്റെ ചെറിയാന്‍ എന്ന കഥാപാത്രം. അതുകൊണ്ട് തന്നെ ചെയ്യാന്‍ വളരെ രസകരമായിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം നെഗറ്റീവ് റോളുകള്‍ കുറെ വന്നിരുന്നു. പക്ഷേ പണ്ടൊരിക്കല്‍ ഞാന്‍ ഒരു അബദ്ധം ചെയ്തതു കൊണ്ട് വീണ്ടും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഉടനെ തെരഞ്ഞെടുക്കണ്ട എന്നൊരു തീരുമാനത്തില്‍ എത്തിയിട്ടുണ്ട്,’ വിശാഖ് നായര്‍ പറയുന്നു.

ചത്താ പച്ചാ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കമ്മിറ്റ് ചെയ്യുന്നതിന് മുമ്പേ ചെയ്ത സിനിമയാണെന്നും അതിന്റെ എല്ലാ ക്രഡിറ്റും ഷൗക്കത്തിനും അദ്വൈതിനുമാണെന്നും നടന്‍ പറഞ്ഞു. ഇവിടെ താനൊരു ടിപ്പിക്കല്‍ വില്ലന്‍ കഥാപാത്രമായിരുന്നില്ലെന്നും ഇനി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും വിശാഖ് പറഞ്ഞു.

റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ജനുവരി 22നാണ് തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് വമ്പന്മാരായ ശങ്കര്‍- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. സിനിമയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നുവെന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Content highlight: Visakh Nair on the movie Chatha Pacha and his character

We use cookies to give you the best possible experience. Learn more