ഹൈദരാബാദ്: കോക്രോച്ച് ജനതാ പാര്‍ട്ടി ( സി.ജെ.പി) ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. വൈറസും പാറ്റകളും രാജ്യത്തെ വിഭജിക്കാന്‍ ആഹ്രഹിക്കുന്ന ഒരു സംഘമാണെന്ന് നിതിന്‍ നബിന്‍ പറഞ്ഞു.
തെലങ്കാനയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗാമായി വാറങ്കലില്‍ ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘വൈറസും പാറ്റയും പോലുള്ള പാര്‍ട്ടികള്‍ രാജ്യത്തേക്ക് വരുന്നു. ഇവര്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ്. ഈ വൈറസുകളെയും പാറ്റകളെയും ശ്രദ്ധിക്കേണ്ടതുണ്ട്,’ നിതിന്‍ നബിന്‍ പറഞ്ഞു.
രാജ്യത്തെ വിഭജിക്കാന്‍ ആഹ്രഹിക്കുന്ന ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. രാഹുല്‍ ഗാന്ധി ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനാണെന്നും എന്നാല്‍ ബി.ജെ.പി നേതാക്കള്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലും പൊതുസേവനത്തിലും ഏര്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയേയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജെന്‍ സികളല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറിച്ച് തങ്ങളുടെ കരിയര്‍ ക്രിയാത്മകമായി കെട്ടിപ്പടുക്കുകയും ദേശീയ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്ന യുവാക്കളാണ് യഥാര്‍ത്ഥ ജെന്‍സികളെന്നും നബിന്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളിലൂടെയും കായികരംഗത്തിലൂടെയും സ്വന്തം ഭാവിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും രൂപപ്പെടുത്തുന്ന യുവാക്കളാണ് യഥാര്‍ത്ഥ ജെന്‍ സികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ യുവാക്കള്‍ നവീകരണം, സാങ്കേതികവിദ്യ, ആത്മവിശ്വാസം, സംഭാവന എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നിതിന്‍ നബിന്‍ പറഞ്ഞു.
രാജ്യത്തിന്റെ സംസ്‌കാരത്തെയും ഭരണഘടനയെയും ആത്മാവിനെയും വെല്ലുവിളിക്കുകയും വിഘടനവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ‘തുക്ഡെ തുക്ഡെ ഗാംഗ്’ ചിന്താഗതിയുള്ളവര്‍ക്ക് ഇന്ത്യയിലെ ജെന്‍ സികള്‍ എന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.
മറ്റ് രാജ്യങ്ങളിലെ ജെന്‍ സി പ്രസ്ഥാനങ്ങളെ അനുകരിച്ച് ഇന്ത്യയിലെ യുവാക്കളെ വഴിതെറ്റിക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ചില പ്രതിപക്ഷ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിദേശ ശക്തികള്‍ക്കോ നവമാധ്യമ അജണ്ടകള്‍ക്കോ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാന്‍ യുവാക്കള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: “Viruses and cockroaches”—a hollow group of people wishing to divide the country; Nitin Nabin criticizes the CJP