| Saturday, 27th April 2019, 11:02 am

രേവതിയോ അതോ ശൈലജ ടീച്ചറോ ? ; ട്രെയിലറിന് പിന്നാലെ വൈറസിന്റെ കാസ്റ്റിങ്ങിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ആരാധകര്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെയായിരുന്നു പുറത്തിറങ്ങിയത്. ദോഹയിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്.

കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

വൈറസിന്റെ ട്രെയിലറില്‍ കാണിക്കുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. ഇതില്‍ രേവതി വേഷമിടുന്ന മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ വേഷമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഇത്രയും സാമ്യത്തില്‍ എങ്ങനെ കാസ്റ്റിങ് സാധ്യമായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്നത്.

ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് യഥാര്‍ത്തില്‍ അമ്പരന്നെന്നും ഇത് യഥാര്‍ഥത്തില്‍ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതി തന്നെ ആണോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രക്ക് രൂപസാദൃശ്യമാണ് ഇരുവരും തമ്മിലെന്നാണ് സോഷ്യല്‍മീഡിയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. കാസ്റ്റിങ് ബ്രില്യന്‍സ് എന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.

രേവതിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും വൈറസിലേത് എന്നും ചിലര്‍ പറയുന്നു. പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്. മുഹ്സിന്‍ പെരാരിയുടെതാണ് തിരക്കഥ. സംഗീതം സുഷിന്‍ ശ്യാം. രാജീവ് രവി ഛായാഗ്രഹണം.

Latest Stories

We use cookies to give you the best possible experience. Learn more