| Saturday, 22nd November 2025, 10:15 am

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്: പത്തനംതിട്ടയില്‍ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മല്ലപ്പള്ളി: പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പിലൂടെ കുടുംബത്തിന് നഷ്ടമായത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതികളാണ് തട്ടിപ്പിനിരയായത്.

കിഴക്കേ വീട്ടില്‍ ഷേര്‍ളി ഡേവിഡ് (63), ഡേവിഡ് പി. മാത്യു എന്നിവരെയാണ് മുംബൈ ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച ഫോണ്‍ കോളിലൂടെ തട്ടിപ്പിനിരയാക്കിയത്.

ഷേര്‍ളി ഡേവിഡ് വെര്‍ച്വല്‍ അറസ്റ്റിലായെന്ന് തട്ടിപ്പ് സംഘം കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. പിന്നീട് കേസിന്റെ പേരിലായി പലതവണ പണം തട്ടിയെടുക്കുകയായിരുന്നു.

അബൂദാബിയില്‍ താമസക്കാരാണ് ദമ്പതികളും കുടുംബവും. നവംബര്‍ എട്ടിനാണ് ഇവര്‍ നാട്ടിലെത്തിയത്. പിന്നീടാണ് തട്ടിപ്പ് നടന്നതും.

18ാം തീയതി ഫോണിലേക്ക് വന്ന ഒരു കോളിലൂടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ഷേര്‍ളി ഡേവിഡിനെ വിളിച്ചയാള്‍ മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് അറിയിക്കുകയും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് വെര്‍ച്വല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയുമായിരുന്നു.

ഷേര്‍ളിയുടെ ഫോണ്‍ നമ്പറിനെതിരെ ആളുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുംബൈയിലെ ചെമ്പൂര്‍ സ്റ്റേഷനിലെത്തി ജാമ്യം എടുക്കണമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

ജാമ്യം എടുത്തില്ലെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനിലേക്ക് വാറണ്ട് അയക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഇത് വിശ്വസിച്ച കുടുംബത്തിന് വീണ്ടും ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു.

നരേഷ് ഗോയല്‍ എന്നൊരാളുടെ അക്കൗണ്ടില്‍ നിന്നും ഷേര്‍ളിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ആ കേസിലും പ്രതിയാണെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് കേസിന്റെ പേരില്‍ നിരവധി തവണയായി ഒന്നര കോടിയോളം രൂപ ഷേര്‍ളി ഡേവിഡിന്റെയും കുടുംബത്തിന്റെയും കയ്യില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Content Highlight: Virtual arrest scam: Couple in Pathanamthitta loses Rs. 1.40 crore

We use cookies to give you the best possible experience. Learn more