| Sunday, 19th April 2026, 5:29 pm

പരിചയ സമ്പന്നനായ താരം, പക്ഷെ അവന് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ല: സെവാഗ്

Sudev A

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള രവീന്ദ്ര ജഡേജയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ജഡേജ പരിചയ സമ്പന്നനായ താരമാണെകിലും ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് നോക്കുമ്പോള്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് സെവാഗ് പറഞ്ഞത്. രാജസ്ഥാനായി വൈഭവ് സൂര്യവംശി, യശ്വസി ജെയ്സ്വാള്‍, ധ്രുവ് ജുറല്‍ തുടങ്ങിയ മൂന്ന് താരങ്ങള്‍ മാത്രമാണ് റണ്‍സ് നേടുന്നതെന്നും സെവാഗ് വ്യക്തമാക്കി.

”അവരുടെ ടീമില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് റണ്‍സ് നേടുന്നത്. വൈഭവ് സൂര്യവംശി, യശ്വസി ജെയ്സ്വാള്‍, ധ്രുവ് ജുറല്‍ എന്നിവര്‍. മറ്റാരും തന്നെ ഫോമിലില്ല. രവീന്ദ്ര ജഡേജ പരിചയ സമ്പന്നനായ താരമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കുന്നതല്ല. ടോപ് ഓര്‍ഡര്‍ പരാജയപ്പെടുകയായെങ്കില്‍ മറ്റാരെങ്കിലും ടീമിനെ കൈപിടിച്ചുയര്‍ത്തേണ്ടി വരും” സെവാഗ് ക്രിക് ബസിലൂടെ പറഞ്ഞു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ജഡേജ 32 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. നാല് ഫോറുകള്‍ മാത്രമാണ് ജഡേജ നേടിയിരുന്നത്. 140.63 സ്‌ട്രൈക്ക് നാട്ടിലാണ് ജഡേജ ബാറ്റ് വീശിയത്. ഇതിന് മുമ്പ് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി നടന്ന മത്സരത്തില്‍ 24 പന്തില്‍ 25 റണ്‍സുമാണ് ജഡേജ നേടിയത്.

രവീന്ദ്ര ജഡേജ. Photo: Johns/x.com

അതേസമയം രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ സ്വപ്നതുല്യമായ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ നാല് മത്സരങ്ങളും വിജയിച്ചാണ് റിയാന്‍ പരാഗും സംഘവും ഈ സീസണിന്റെ തുടക്കം ഗംഭീരമാക്കിയത്. അഞ്ചാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. സീസണിലെ രാജസ്ഥാന്റെ ആദ്യ പരാജയമായിരുന്നു ഇത്. ഓപ്പണിങ്ങില്‍ വൈഭവ് സൂര്യവംശിയും യശ്വസി ജെയ്സ്വാളും നല്‍കുന്ന മിന്നും തുടക്കമാണ് രാജസ്ഥാന് കരുത്തേകുന്നത്.

Content Highlight: Virender Sehwag Talks About Ravindra Jadeja Performance in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more