ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസ് തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്. നിലവില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.
ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മത്സരത്തിലും യുവ താരം വൈഭവ് സൂര്യവംശിക്ക് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. ഇപ്പോള്‍ വൈഭവിനെക്കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ താരം വിരേന്ദര്‍ സെവാഗ്. തന്റെയും വൈഭവിന്റെയും ചിന്താഗതി ഒരുപോലെയാണെന്ന് സെവാഗ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന പി.എച്ച്.ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തിനിടെയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.
‘സൂര്യവംശി ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ആദ്യ പന്ത് മുതല്‍ തന്നെ ആക്രമിച്ചു കളിക്കണമെന്ന ചിന്താഗതിയാണ് എന്റേതും അവന്റേതും തമ്മിലുള്ള സാമ്യം. ഇനി ഇന്ത്യക്കായി കളിക്കാന്‍ അവന് എപ്പോള്‍ അവസരം ലഭിക്കുന്നു, എത്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്നു എന്നതിലാണ് കാര്യം,’ സെവാഗ് പറഞ്ഞു.
മാത്രമല്ല വൈഭവിന്റെ പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനും സെവാഗ് മറുപടി പറഞ്ഞിരുന്നു. ഐ.പി.എല്ലിലോ ഇന്ത്യന്‍ ടീമിലോ കളിക്കുമ്പോള്‍ പ്രായമല്ല പ്രധാനം പ്രകടനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
‘നോക്കൂ, പ്രായപരിധിയുള്ള വിഭാഗങ്ങളില്‍ കളിക്കുമ്പോള്‍ പ്രായത്തിന് പ്രസക്തിയുണ്ട്. ഉദാഹരണത്തിന്, അണ്ടര്‍-19 വിഭാഗത്തില്‍ കളിക്കുന്ന ഒരാളുടെ പ്രായം 19 വയസ്സില്‍ താഴെയായിരിക്കണം. എന്നാല്‍ ഐ.പി.എല്ലിലോ ഇന്ത്യന്‍ ടീമിലോ കളിക്കുമ്പോള്‍ പ്രായമല്ല പ്രധാനം. 38-ഓ 40-ഓ വയസുള്ള വിരാട് കോഹ്‌ലിയും 15 വയസുള്ള വൈഭവ് സൂര്യവംശിയും ഒരുമിച്ച് കളിക്കുന്ന സാഹചര്യമാണല്ലോ. അവിടെ പ്രായമല്ല, പ്രകടനമാണ് പ്രധാനം,’ സെവാഗ് കൂട്ടിച്ചേര്‍ത്തു.
സൂര്യവംശി ഇതുവരെ എട്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 30.75 ശരാശരിയിലും 186.36 സ്‌ട്രൈക്ക് റേറ്റിലും ആകെ 246 റണ്‍സ് നേടിയ താരം രണ്ട് അര്‍ധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20യില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും പരാജയപ്പെടുത്തി കരീബിയന്‍സ് കരുത്തുകാട്ടിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ടിലാണ് മികച്ച സ്‌കോറിലെത്തിയത്. 41 പന്തില്‍ നിന്നും ഒമ്പത് ഫോറിന്റെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 200.00 സ്‌ട്രൈക് റേറ്റില്‍ 82 റണ്‍സാണ് താരം നേടിയത്.
Content Highlight: Virender Sehwag Talking About Vaibhav Sooryavanshi