| Sunday, 31st May 2026, 1:18 pm

ഫൈനലില്‍ ഗുജറാത്തിന് ഇഷ്ടമുള്ള പിച്ച് ഉണ്ടാക്കാന്‍ പറ്റില്ല; തുറന്ന് പറഞ്ഞ് വിരേന്ദര്‍ സെവാഗ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ലെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വമ്പന്‍ മത്സരം നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഫൈനലില്‍ ആരാണ് വിജയിക്കാന്‍ സാധ്യതയുള്ളതെന്ന് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

വളരെ അസാധാരണമായ ക്രിക്കറ്റാണ് ബെംഗളൂരു കളിക്കുന്നതെന്നും എന്നാലും ഇത് 50-50 ചാന്‍സുള്ള മത്സരമായിരിക്കുമെന്നുമാണ് സെവാഗ് പറയുന്നത്. ഫൈനല്‍ ആയതിനാല്‍ ഗുജറാത്തിന് ആവശ്യമുള്ള രീതിയില്‍ പിച്ച് നിര്‍മിക്കാന്‍ കഴിയില്ലെന്നും ഫൈനലില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ഗുജറാത്ത് ക്വാളിഫയര്‍ രണ്ടില്‍ (രാജസ്ഥാനെതിരായ മത്സരം) കളിച്ച തരത്തിലുള്ള ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘വളരെ അസാധാരണമായ ക്രിക്കറ്റാണ് ബെംഗളൂരു കളിക്കുന്നതും കളിച്ചുകൊണ്ടിരിക്കുന്നതും. എന്റെ അഭിപ്രായത്തില്‍, ഇത് 50-50 ചാന്‍സുള്ള മത്സരമായിരിക്കു. ഇത് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടാണ്, പക്ഷേ ഇത് ഒരു ഫൈനല്‍ ആയതിനാല്‍, അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പിച്ച് നിര്‍മിക്കാന്‍ കഴിയില്ല, അതിനാല്‍ അവര്‍ക്ക് ആ നേട്ടം ലഭിക്കില്ല.

ഇത് ഒരു ഫൈനല്‍ ആയതിനാല്‍ വിക്കറ്റ് നിര്‍മിക്കുന്നത്ത് ബിസി.സി.ഐ ആയിരിക്കും. അതിനാല്‍ രണ്ട് കൂട്ടര്‍ക്കും സാധ്യതയുള്ള മത്സരമാണിത്. ഫൈനലില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ഗുജറാത്ത് ക്വാളിഫയര്‍ രണ്ടില്‍ കളിച്ച തരത്തിലുള്ള ക്രിക്കറ്റ് കളിക്കേണ്ടിവരും,’ വീരേന്ദര്‍ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു .

അതേസമയം ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ആരുടെ കൂടെയാകും വിജയമെന്നാണ് ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്നത്. അണ്‍പ്രഡിറ്റബിളായ ഫൈനല്‍ പോരാട്ടത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ഹെഡ് ടു ഹെഡ് കണക്കുകള്‍ ആര്‍.സി.ബിക്ക് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്.

ഇരുവരും തമ്മില്‍ ഐ.പി.എല്ലില്‍ ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ വിജയം സ്വന്തമാക്കിയത് ബെംഗളൂരുവായിരുന്നു. ഗുജറാത്തിന് നാല് വിജയമാണ് നേടാന്‍ സാധിച്ചത്. എന്തുതന്നെയായാലും ഇന്ന് അഹമ്മദാബാദില്‍ വമ്പന്‍ മത്സരത്തിന് തന്നെയാകും ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

Content Highlight: Virender Sehwag Talking About RCB And GT Ahead IPL 2026 Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more