| Tuesday, 7th April 2026, 9:07 pm

ബെംഗളൂരുവും രാജസ്ഥാനുമല്ല, ഈ ടീം കിരീടമുയര്‍ത്തും: സേവാഗ്

ഫസീഹ പി.സി.

2026 ഐ.പി.എല്‍ ജേതാക്കളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. കഴിഞ്ഞ സീസണില്‍ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിങ്സ് ഈ സീസണില്‍ കപ്പുയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് തവണ ഫൈനല്‍ എത്തിയപ്പോഴും പഞ്ചാബ് പരാജയപ്പെട്ടുവെന്നും ഇത്തവണ അവര്‍ കിരീട വരള്‍ച്ച അവസാനിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.

വിരേന്ദര്‍ സേവാഗ്.

‘പഞ്ചാബ് കിങ്സ് ഇതുവരെ രണ്ട് ഫൈനലുകള്‍ കളിച്ചിട്ടുണ്ട്. അവര്‍ അതില്‍ രണ്ടിലും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഈ വര്‍ഷം ഫൈനലില്‍ വിജയിച്ച് കിരീടമുയര്‍ത്തിയേക്കാം. അവര്‍ ടോപ് ത്രീയില്‍ തീര്‍ച്ചയായും ഉണ്ടാകും,’ സേവാഗ് പറഞ്ഞു.

ഐ.പി.എല്ലിന്റെ 18 സീസണുകളില്‍ രണ്ട് തവണ മാത്രമാണ് പഞ്ചാബ് ഫൈനലിലെത്തിയത്. ഈ രണ്ട് തവണയും ടീം പരാജയമേറ്റുവാങ്ങി. 2014ലിലായിരുന്നു ടീമിന്റെ ആദ്യ ഫൈനല്‍ പ്രവേശം. ആ വര്‍ഷം ടീം കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മുട്ടുകുത്തി.

പിന്നീട് പഞ്ചാബ് ഒരു ഫൈനലിന് യോഗ്യത നേടുന്നത് നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായി. 2025ല്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ടീം ഫൈനലില്‍ എത്തിയതോടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്. എന്നാല്‍, ഇത്തവണയും ടീമിന് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ 18 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിച്ചപ്പോള്‍ പഞ്ചാബിന് കണ്ണീരോടെ മടങ്ങേണ്ടി വരികയായിരുന്നു.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

നിലവില്‍ ഈ സീസണില്‍ പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ട് ജയം ടീം സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയുമാണ് ഈ സീസണില്‍ ടീം തോല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. അതോടെ ടീം പോയിന്റ് ടേബിള്‍ ഒന്നാമതായി. അഞ്ച് പോയിന്റാണ് ടീമിനുളളത്. +0. 637 നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.

Content Highlight: Virender Sehwag predicts that Punjab Kings will lift the IPL 2026 title

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more