| Wednesday, 27th May 2026, 8:25 am

അവന്റെ പ്രകടനം കളിയുടെ ഗതി മാറ്റിമറിച്ചു; പ്രശംസയുമായി സെവാഗ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. ഇതോടെ ഫൈനലിലേക്ക് ചേക്കേറാനും പ്ലേ ബോള്‍ഡ് ആര്‍മിക്ക് സാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാറിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

ബെംഗളൂരുവിന് വേണ്ടി പാടിദാര്‍ കാര്യങ്ങളെല്ലാം മാറ്റിമറിച്ചെന്ന് സെവാഗ് പറഞ്ഞു. ഗുജറാത്തിനെ പോലൊരു ടീമിന്റെ ബൗളിങ് യൂണിറ്റിനെ മറികടക്കാനായത് പാടിദാറിന്റെ മികച്ച ക്യാപ്റ്റന്‍സിയും പ്രകടനവുമാണെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.

‘ഈ ഫ്രാഞ്ചൈസിയെ അവന്‍ അടിമുടി മാറ്റിക്കളഞ്ഞു. മോശം പ്രകടനങ്ങള്‍ നേരിട്ടപ്പോള്‍, അദ്ദേഹം നയിച്ച രീതിയും സമ്മര്‍ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്ത രീതിയും മികച്ചതായിരുന്നു. പ്ലേഓഫില്‍ മുന്നേറാനും ഗുജറാത്ത് ടൈറ്റന്‍സ് പോലുള്ള ഒരു ബൗളിങ് യൂണിറ്റിനെ പൂര്‍ണമായും മറികടക്കാനും കഴിഞ്ഞത് ഈ കളിക്കാരന്റെ നിലവാരവും സ്വഭാവവും കാണിക്കുന്നു. ആര്‍.സി.ബിയുടെ ഫൈനലിലേക്കുള്ള യാത്ര ഗംഭീരമായി. പാടിദാറിന്റെ പ്രകടനം കളിയുടെ ഗതി മാറ്റിമറിച്ചു,’ സെവാഗ് മത്സര ശേഷം പറഞ്ഞു.

അതേസമയം ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്.

ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഐ.പി.എല്ലിലെ ആര്‍.സി.ബിയുടെ അഞ്ചാം ഫൈനല്‍ ആണിത്. ആര്‍.സി.ബി മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടന്ന ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയതും. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 281.82 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

Content Highlight: Virender Sehwag Praises RCB Captain Rajat Patidar

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more