| Monday, 27th April 2026, 6:06 pm

അവര്‍ക്ക് ബുദ്ധിയില്ലേ? തോല്‍വിക്ക് പിന്നാലെ ലഖ്നൗവിനെ രൂക്ഷമായി വിമര്‍ശിച്ച് സേവാഗ്

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് കെ.കെ.ആറിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇരുടീമുകളും സമനില പാലിച്ചതോടെ സൂപ്പര്‍ ഓവറിലായിരുന്നു ടീമിന്റെ തോല്‍വി. താരതമ്യേന ചെറിയ സ്‌കോറായിട്ടും ലഖ്നൗ ചെയ്സ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

ഇപ്പോള്‍ തോല്‍വിക്ക് പിന്നാലെ ലഖ്നൗ മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. റണ്‍സ് കണ്ടെത്താന്‍ താരങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും ലഖ്നൗ എന്തിന് ചെയ്സിങ് തെരഞ്ഞെടുക്കുന്നുവെന്ന് തനിക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരേന്ദര്‍ സേവാഗ്.

ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെയും കോച്ചിന്റെയും ബുദ്ധി പ്രവര്‍ത്തിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ആദ്യം ബാറ്റിങ് ചെയ്തിരുന്നുവെങ്കില്‍ കൊല്‍ക്കത്തയെ സമ്മര്‍ദത്തിലാക്കാമായിരുന്നുവെന്നും സേവാഗ് ക്രിക്ബസിലെ ചര്‍ച്ചക്കിടെ കൂട്ടിച്ചേര്‍ത്തു.

‘എല്‍.എസ്.ജി താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ടും എന്തിനാണ് അവര്‍ ചെയ്സിങ് തെരഞ്ഞെടുത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല. അവര്‍ക്ക് ഒരു ക്രിക്കറ്റ് ഡയറക്ടറും കോച്ചും ഒക്കെയുണ്ടല്ലോ. അവരുടെയൊന്നും ബുദ്ധി പ്രവര്‍ത്തിക്കുന്നില്ലേ? അതോ എങ്ങനെയാണ് ടീം കളിക്കുന്നത് എന്ന് അവര്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ?

ഞങ്ങള്‍ക്ക് ചെയ്സിങ് സാധ്യമല്ലെന്ന് മനസിലായിട്ടും ടോസ് ലഭിക്കുമ്പോള്‍ അത് തന്നെ ആവര്‍ത്തിക്കുന്നു. ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കെ.കെ.ആറിനെ സമ്മര്‍ദത്തിലാക്കാമായിരുന്നു. അവര്‍ ഒരേ തീരുമാനങ്ങള്‍ വീണ്ടും വീണ്ടും എടുക്കുന്നു. ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് എനിക്ക് അറിയില്ല,’ സേവാഗ് പറഞ്ഞു.

ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരങ്ങൾ. Photo: iplt20.com

മത്സരത്തില്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ ലഖ്നൗ കൊല്‍ക്കത്തയെ 155 റണ്‍സില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ലഖ്നൗ മികച്ച നിലയില്‍ തുടങ്ങി പിന്നീട് തകര്‍ന്നടിയുകയായിരുന്നു. അവസാന പന്തില്‍ മുഹമ്മദ് ഷമി സിക്‌സടിച്ചതോടെയാണ് സ്‌കോര്‍ സമനിലയിലെത്തിയത്.

എന്നാല്‍, സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത ഫോറടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Virender Sehwag criticizes LSG managemnt for choosing bowling after winning toss

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more