വെസ്റ്റ് ഇന്ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ തോല്വിക്ക് പിന്നാലെ ഇന്ത്യന് ബൗളര്മാരെ വിമര്ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന് താരം വിരേന്ദര് സെവാഗ്. ടീമില് വിശ്വസിച്ച് പന്തേല്പ്പിക്കാന് കഴിയുന്ന ഒരു ബൗളര് പോലുമില്ലെന്നും എതിരാളികള് ബൗളര്മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ടീമില് വിശ്വസിച്ച് പന്തേല്പ്പിക്കാന് കഴിയുന്ന ഒരു ബൗളര് പോലുമില്ല. നമ്മുടെ ബൗളര്മാരെയെല്ലാം ഒന്ന് നോക്കൂ. എല്ലാ മത്സരങ്ങളിലും ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും എതിരാളികള് ഇവരെ അടിച്ചുപറത്തുകയാണ്. ഇതെല്ലാം കാണുന്നത് വല്ലാത്ത വേദനയാണ്. അനുഭവസമ്പത്തുള്ള ബൗളര്മാര്ക്ക് പകരം യുവതാരങ്ങളെ തെരഞ്ഞെടുക്കാനാണ് ടീം മാനേജ്മെന്റിന് താത്പര്യം.
മായങ്ക് യാദവിന് വേഗതയുണ്ടെങ്കിലും ചിലപ്പോഴൊക്കെ പന്തിന്റെ നിയന്ത്രണം നഷ്ടപ്പെടാറുണ്ട്. അര്ഷ്ദീപ് സിങ് തന്റെ മികവിനൊത്ത രീതിയില് പന്തെറിയുന്നില്ല. അക്സര് പട്ടേല് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.
ശിവം ദുബെയില് നിന്നോ നമന് ധീറില് നിന്നോ അമിതമായി പ്രതീക്ഷിക്കാനും കഴിയില്ല. ഈ നിരയില് ആരെയും വിശ്വസിക്കാന് എനിക്ക് കഴിയുന്നില്ല. അവര് എത്രയും വേഗം പ്രകടനം മെച്ചപ്പെടുത്തണം. അല്ലാത്തപക്ഷം, നാണംകെട്ട മറ്റൊരു പരമ്പര തോല്വി കൂടി നമ്മെ കാത്തിരിക്കുന്നുണ്ടാകും,’ സെവാഗ് പറഞ്ഞു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 24 റണ്സിനാണ് വെസ്റ്റ് ഇന്ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില് 247 റണ്സിന്റെ കൂറ്റന് ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയര്ത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറില് 223 റണ്സില് അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റും കയ്യില് പിടിച്ച് ബാറ്റ് ചെയ്ത ഇന്ത്യ, അര്ഷ്ദീപ് സിങ്ങിന്റെ റിട്ടയേഡ് ഹേര്ട്ടോടെ തോല്വി സമ്മതിക്കുകയായിരുന്നു.
ക്യാപ്റ്റന് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്ഡീസ് വമ്പന് സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സര് പറത്തി നേരിട്ട 50ാം പന്തില് പുറത്താകാതെ 102* റണ്സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില് ഒമ്പത് സിക്സും നാല് ഫോറും ഉള്പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്ത്തിയാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്, അക്സര് പട്ടേല് എന്നിവര് ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. മത്സരത്തില് 23 പന്തില് നിന്ന് നാല് സിക്സും ആറ് ഫോറും ഉള്പ്പെടെ 56 റണ്സ് നേടിയാണ് സഞ്ജു തിളങ്ങിയത്. 243.48 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്.
വിന്ഡീസ് ബൗളിങ് നിരയില് കീമോ പോള് അഞ്ച് വിക്കറ്റുകള് നേടി തകര്പ്പന് പ്രകടനമാണ് നടത്തിയത്. ഗുഡകേഷ് മോട്ടി രണ്ട് വിക്കറ്റും ഷാമര് സ്പ്രിംഗര്, റൊമാരിയോ ഷെപ്പേര്ഡ് എന്നിവര് ഓരോ വീതം വിക്കറ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തില് നിര്ണായകമായി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങള് അടങ്ങുന്ന പരമ്പരയില് 2-2ന് സമനില പിടിക്കാന് വിന്ഡീസിന് സാധിച്ചിരിക്കുകയാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്ണായക മത്സരം ഒക്ടോബര് 17ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.
Content Highlight: Virender Sehwag Criticize Indian Bowlers After Lose Against West Indies In Fourth T20 Match