| Monday, 25th May 2026, 6:00 pm

അടുത്ത സീസണില്‍ അവര്‍ മറ്റൊരു ക്യാപ്റ്റനെ കണ്ടെത്തണം; രൂക്ഷ വിമര്‍ശനവുമായി സെവാഗ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ പരാജയത്തിന് പിന്നാലെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രാഹാനെയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത അടുത്ത വര്‍ഷം രഹാനെയ്ക്ക് പകരമായി മറ്റൊരു ക്യാപ്റ്റനെ കണ്ടെത്തണമെന്ന് സെവാഗ് പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ അടുത്ത സീസണില്‍, അവര്‍ മറ്റൊരു ക്യാപ്റ്റനെ കണ്ടെത്തണം, അല്ലെങ്കില്‍ മികച്ച ടീം കോമ്പിനേഷന്‍ തേടണം. കാരണം ഇപ്പോള്‍ അജിന്‍ക്യ രഹാനെ, അഗ്രിഷ് രഘുവംശി, മനീഷ് പാണ്ഡെ എന്നിവരെപ്പോലുള്ള ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഇല്ലാത്ത ചില കളിക്കാരാണ് അവര്‍ക്കുള്ളത്.

ഈ മൂന്ന് പേരെയും ഉള്‍പ്പെടുത്തി കളിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ ഒരു പുതിയ ക്യാപ്റ്റനെ നിങ്ങള്‍ കണ്ടെത്തേണ്ടി വരും, രഹാനെയെ ഒരു കളിക്കാരനായി ഉള്‍പ്പെടുത്താന്‍ അനുവദിക്കുക, അദ്ദേഹത്തില്‍ നിന്നുള്ള സമ്മര്‍ദം കുറയ്ക്കുക, അല്ലെങ്കില്‍ അദ്ദേഹം ‘വളരെ നന്ദി, ഇതാണ് അവസാനം’ എന്ന് പറയുക,’ സെവാഗ് ക്രിക്ക്ബസില്‍ പറഞ്ഞു.

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്. 39 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് രഹാനെ നേടിയത്. 161.54 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

സീസണില്‍ ടീമിന് വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 335 റണ്‍സാണ് താരം നേടിയത്. 67 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രഹാനെയ്ക്ക് ഉണ്ടായിരുന്നു. 135.08 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു രഹാനെ ബാറ്റ് വീശിയത്.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ക്യാപിറ്റല്‍സിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 204 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 163 റണ്‍സിന് പുറത്തായി.

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് മത്സരങ്ങളില്ല. മെയ് 26നാണ് ഒന്നാം ക്വാളിഫയര്‍ നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും.

Content Highlight: Virendel Sehwag Criticize KKR Captain Ajinkya Rahane

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more