ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍ എന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്. ലോകകപ്പ് വിജയത്തിന് ശേഷം വെറും മൂന്ന് പരാജയത്തിന്റെ പേരില്‍ സഞ്ജുവിനെ ഏങ്ങനെയാണ് ഒഴിവാക്കുകയെന്നും അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും പരാജയപ്പെട്ടിട്ടും അവരുടെ സ്ഥാനം സുരക്ഷിതമാണെന്നും സെവാഗ് പറഞ്ഞു. മാത്രമല്ല സഞ്ജു മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീരേന്ദര്‍ സെവാഗ്
‘ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. സ്വന്തം രാജ്യത്തിന് വേണ്ടി ടി20 ലോകകപ്പ് നേടിയതിന് ശേഷമാണ് അവനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വെറും മൂന്ന് പരാജയങ്ങളുടെ പേരില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അവനെ ഒഴിവാക്കാന്‍ കഴിയുക? അഭിഷേക് ശര്‍മ പരാജയപ്പെടുന്നുണ്ട്, ഇഷാന്‍ കിഷന്‍ പരാജയപ്പെടുന്നുണ്ട്, പക്ഷേ അവരുടെയൊക്കെ സ്ഥാനം സുരക്ഷിതമാണ്.
പ്രധാന കാരണങ്ങളൊന്നും ഇല്ലാതെയാണ് സഞ്ജുവിനെ പുറത്താക്കിയത്. സഞ്ജു സാംസണ്‍ മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവന്‍ അര്‍ഹിക്കുന്ന ആ തുടര്‍ച്ചയായ അവസരങ്ങള്‍ ഇവിടെ അവന് ലഭിക്കുന്നില്ല. അവന്റെ പ്രതിഭയും കഴിവും എപ്പോഴും പൂര്‍ത്തീകരിക്കപ്പെടാതെ തന്നെ പോകും,’ സെവാഗ് പറഞ്ഞു.
സഞ്ജു സാംസണ്‍
2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. അയര്‍ലാന്‍ഡില്‍ 5, 0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്‍സുമാണ് നേടിയത്.
പിന്നീട് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതോടെ പുറത്തിരുന്ന സഞ്ജു, അവസാന മത്സരത്തില്‍ തിരിച്ചെത്തി 14 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു. മാത്രമല്ല ശേഷം നടന്ന സിംബാബ്‌വേ പര്യടത്തില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.
Content Highlight: Virendar Sehwag Talking About Sanju samson