| Saturday, 23rd August 2025, 3:31 pm

ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയും: വിരേന്ദര്‍ സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മികച്ച സീനിയര്‍ താരങ്ങളും യുവതാരങ്ങളും ടീമില്‍ ഉണ്ടെന്നും സൂര്യകുമാര്‍ യാദവിന്റെ നിര്‍ഭയമായ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പ് ഉയര്‍ത്താന്‍ സാധിക്കുമെന്നും വിരേന്ദ്ര സേവാഗ് ആശംസിച്ചു.

‘മികച്ച സീനിയര്‍ താരങ്ങളും യുവാക്കളുമാണ് ഈ ഇന്ത്യന്‍ ടീമിലുള്ളത്. സൂര്യയുടെ നിര്‍ഭയ നായകത്വത്തിന് കീഴില്‍ അവര്‍ക്ക് വീണ്ടും ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ ആക്രമണാത്മക മനോഭാവം ടി-20 ഫോര്‍മാറ്റിന് തികച്ചും അനുയോജ്യമാണ്.

ടീം അതേ ഉദ്ദേശത്തോടെ കളിക്കുകയാണെങ്കില്‍, ഇന്ത്യയ്ക്ക് കിരീടമുയര്‍ത്താന്‍ കഴിയും, അതില്‍ എനിക്ക് സംശയമില്ല. ഈ കാമ്പെയ്ന്‍ മികച്ചതാകും, നിങ്ങള്‍ രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവരായാലും, ഇന്ത്യ കളിക്കുമ്പോള്‍ അഭിമാനംകൊള്ളും,’ സെവാഗ് പറഞ്ഞു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Virendar Sehwag Talking About Indian Team And Suryakumar Yadav
We use cookies to give you the best possible experience. Learn more