ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഗുജറാത്ത് പേസര്‍ കഗീസോ റബാദയ്ക്ക് ഫൈനലില്‍ വിക്കറ്റ് ലഭിച്ചിരുന്നില്ലെങ്കില്‍ ഭുവനേശ്വറിന് പര്‍പ്പിള്‍ ക്യാപ്പ് ലഭിക്കുമായിരന്നുവെന്നും ഭുവിയെ ഇന്ത്യന്‍ ടീമിലെടുക്കുന്നതില്‍ തെറ്റില്ലെന്നും സെവാഗ് പറഞ്ഞു.
‘ഇന്ന് കഗിസോ റബാദ ആരെയാണ് പുറത്താക്കിയത്? ദേവ്ദത്ത് പടിക്കല്‍? ഭുവി അദ്ദേഹത്തെ ചീത്തപറയുന്നുണ്ടാകും. അദ്ദേഹം പുറത്തായില്ലായിരുന്നെങ്കില്‍ ഭുവിക്ക് പര്‍പ്പിള്‍ ക്യാപ്പ് ലഭിക്കുമായിരുന്നു. എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഭുവിയെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് പ്രകടനം നടത്താന്‍ സാധിക്കുമെങ്കില്‍ നിങ്ങളുടെ പ്രായം കണക്കിലെടുക്കാതെ തിരിച്ചുവരവിന് അവസരം ലഭിക്കും.
അതില്‍ മോശമായ ഒന്നും തന്നെയില്ല. അടുത്ത ലോകകപ്പില്‍ അദ്ദേഹം കളിക്കണമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ കുറഞ്ഞത് അടുത്ത 10 ടി-20 മത്സരങ്ങളിലെങ്കിലും അദ്ദേഹത്തെ കളിപ്പിക്കുക, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ നിലനിര്‍ത്തുക, അല്ലെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കുക,’ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.
ഫൈനലില്‍ നാല് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റുകളാണ് ബെംഗളൂരുവിന് വേണ്ടി ഭുവി നേടിയത്. 7.25 എന്ന മിന്നും എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ (12), ജേസണ്‍ ഹോള്‍ഡര്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
മാത്രമല്ല സീസണില്‍ 16 മത്സരങ്ങലില്‍ നിന്ന് 28 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റവിക്കറ്റ് നഷ്ടത്തിനാണ് ഭുവിക്ക് പര്‍പ്പിള്‍ ക്യാപ് നഷ്ടമായത്. ഗുജറാത്തിന്റെ കഗീസോ റബാദ 29 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുകയായിരുന്നു. മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് നേടിയാണ് റബാദ പര്‍പ്പിള്‍ ക്യാപ്പ് അണിഞ്ഞത്.
അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിമികവിലാണ് ബെംഗളൂരു വിജയത്തിലെത്തിയത്.
Content Highlight: Virendar Sehwag Talking About Bhuvaneshwar Kumar