| Friday, 18th September 2026, 11:31 pm

ഒരു പിഴവ് മതി, ശിക്ഷിക്കും; അദ്ദേഹത്തിനെതിരെ പന്തെറിയാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

ആദർശ് എം.കെ.

തനിക്ക് പന്തെറിയാന്‍ ഏറ്റവും പ്രയാസമുള്ളതും വെല്ലുവിളി ഉയര്‍ത്തിയതുമായ ബാറ്റര്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയാണെന്ന് അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് റാഷിദ് ഖാന്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും ഐ.പി.എല്ലില്‍ തന്റെ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെക്കുറിച്ചും സംസാരിച്ചത്.

റാഷിദ് ഖാന്‍

”വര്‍ഷങ്ങളായി എനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ഒരു ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. അദ്ദേഹത്തിനെതിരെ ഞാന്‍ എന്റെ ഏറ്റവും മികച്ച ലൈനിലും ലെങ്ത്തിലുമാണ് പന്തെറിയുന്നതെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ ചെറിയൊരു പിഴവ് വരുത്തിയാല്‍ പോലും അദ്ദേഹം എന്നെ ശിക്ഷിച്ചിരിക്കും.

വിരാട് കോഹ്‌ലി. Photo: BCCI

മറ്റു പല ബാറ്റര്‍മാരും സിംഗിളെടുത്ത് നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡിലെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ കോഹ്‌ലി ബൗണ്ടറി അടിക്കാനാണ് നോക്കുന്നത്. ആ മത്സരബുദ്ധി എനിക്ക് വളരെ ഇഷ്ടമാണ്, ഞാന്‍ അത് ഒരുപാട് ആസ്വദിക്കുന്നുണ്ട്.

തെറ്റുകള്‍ വരുത്താന്‍ ഒട്ടും അവസരമില്ലാത്തതിനാല്‍ അദ്ദേഹത്തിന് പന്തെറിയുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നു. ഞാന്‍ ചെറിയൊരു പിഴവ് വരുത്തിയാല്‍ പോലും, അദ്ദേഹം മികച്ചൊരു കളിക്കാരനായതുകൊണ്ട് അത് ഗാപ്പിലൂടെ ബൗണ്ടറി അടിച്ചെടുക്കും,’ റാഷിദ് ഖാന്‍ പറഞ്ഞു.

വിരാട് കോഹ്‌ലി. Photo: BCCI

ഐ.പി.എല്ലില്‍ ഇരുവരും 11 ഇന്നിങ്‌സുകളില്‍ മുഖാമുഖം വന്നപ്പോള്‍ 90 പന്തുകളില്‍ നിന്ന് 130 സ്‌ട്രൈക്ക് റേറ്റില്‍ 117 റണ്‍സാണ് കോഹ്‌ലി റാഷിദിനെതിരെ നേടിയത്. ഇതില്‍ രണ്ട് തവണ മാത്രമാണ് വിരാടിനെ പുറത്താക്കാന്‍ റാഷിദ് ഖാന് സാധിച്ചിട്ടുള്ളത്.

ഐ.പി.എല്ലിലെ തന്റെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കുറിച്ചും റാഷിദ് ഖാന്‍ പറഞ്ഞു.

”ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ശുഭ്മന്‍ വളരെ ശാന്തനാണ്, കളിക്കാര്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. അവന്‍ നിങ്ങളെ പിന്തുണയ്ക്കുകയും നന്നായി കളിക്കാന്‍ സഹായിക്കുകയും ചെയ്യും.

ശുഭ്മൻ ​ഗിൽ. Photo: Gujarat Giants/x.com

ചിലപ്പോള്‍ ഒരു ക്യാപ്റ്റന്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അത് കളിക്കാര്‍ക്ക് പ്രയാസമായി മാറാറുണ്ട്. എന്നാല്‍ ഇവിടെ അതൊരിക്കലും സംഭവിച്ചിട്ടില്ല, ഹര്‍ദിക് പാണ്ഡ്യയും അതുപോലെയായിരുന്നു. ആവശ്യത്തിന് ക്രിക്കറ്റ് കളിച്ച പരിചയം നമുക്കുണ്ടെന്ന് അവര്‍ക്കറിയാം.

ചില ബാറ്റര്‍മാര്‍ എങ്ങനെയാണ് കളിക്കാന്‍ ശ്രമിക്കുകയെന്നും, അവര്‍ക്കെതിരെ എന്ത് ബോള്‍ ചെയ്യാമെന്നും മാത്രമാണ് അവര്‍ പറഞ്ഞുതരിക. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗില്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ മത്സരഫലങ്ങളെക്കുറിച്ച് ആലോചിച്ച് സമ്മര്‍ദത്തിലാകാറില്ല,’ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Virat Kohli was the most challenging batsman to bowl to: Rashid Khan reveals.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more