കരിയര്‍ അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചുവരവില്ലെന്നും വിലയിരുത്തിയവരെ ഒന്നാകെ നിശബ്ദമാക്കിയാണ് വിരാട് കോഹ്‌ലി എന്ന ഇതിഹാസം കഴിഞ്ഞ കുറച്ച് മാസങ്ങളിലായി താണ്ഡവമാടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയിലും ആരാധകര്‍ സാക്ഷിയായത് കളിയുടെ നിയന്ത്രണമേറ്റെടുക്കുന്ന കോഹ്‌ലിയെയാണ്.
വിരാട് കോഹ്‌ലി. Photo: BCCI/x.com
ടെസ്റ്റിലെ വിരമിക്കലിന് ശേഷം മൈറ്റി ഓസീസിന് എതിരെയാണ് കോഹ്‌ലി ഇന്ത്യക്കായി വീണ്ടും കളത്തിലിറങ്ങിയത്. കോഹ്‌ലി എന്ന ക്രിക്കറ്റിലെ കിങ്ങിന്റെ കാലം അവസാനിച്ചുവെന്ന് പറഞ്ഞവരുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളിലെയും താരത്തിന്റെ പ്രകടനം. മാസങ്ങളുടെ ഇടവേളയില്‍ കളത്തിലെത്തിയ മത്സരത്തില്‍ ഡക്കായാണ് താരം മടങ്ങിയത്.
വിരാടിന്റെ മാജിക് കാണാമെന്ന് കരുതിയവരെ പക്ഷേ താരം മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയില്ല. ഓസീസിന് എതിരെയുള്ള അവസാന മത്സരത്തില്‍ താരം ഫിഫ്റ്റിയടിച്ചാണ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. എന്നാല്‍, തന്റെ വെടിക്കെട്ട് താരം അവിടെ അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയില്‍ വിരാട് തന്റെ ബാറ്റില്‍ നിന്ന് കൊടുങ്കാറ്റഴിച്ച് വിട്ടു. ആദ്യ രണ്ട് മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സെഞ്ച്വറി അടിച്ച് ആരാധരുടെ മനസ് ഒരിക്കല്‍ കൂടി കീഴടക്കി. അവസാന മത്സരത്തില്‍ മൂന്നക്കം കടക്കാന്‍ സാധിച്ചില്ലെങ്കിലും താരം വെടിക്കെട്ട് തന്നെയാണ് നടത്തിയത്. പ്രോട്ടിയാസിന് എതിരെ ഫിഫ്റ്റി അടിച്ച് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുന്നതിനൊപ്പം തന്നെ പ്ലെയര്‍ ഓഫ് ദി സീരീസ് എന്ന പട്ടവും അക്കൗണ്ടിലെത്തിച്ചു.
വിരാട് കോഹ്‌ലി. Photo: BCCI/x.com
ഈ മികവ് കോഹ്‌ലി ന്യൂസിലാന്‍ഡിന് എതിരെയും പുറത്തെടുക്കുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. വഡോദരയില്‍ നടന്ന ആദ്യ മത്സരത്തില്‍ സെഞ്ച്വറി താരത്തിന് നഷ്ടമായത് കൈയ്യകലെയാണ്. അന്ന് 91 പന്തില്‍ 93 റണ്‍സാണ് താരം നേടിയത്. അടുത്ത മത്സരത്തില്‍ ഒന്ന് പതറിയെങ്കിലും അവസാന ഏകദിനത്തില്‍ കോഹ്‌ലി വീണ്ടും വെടികെട്ടുമായി എത്തി.
കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ചയാല്‍ നാണംകെടുമായിരുന്ന ഇന്ത്യയെ കോഹ്‌ലി ഉയര്‍ത്തെഴുന്നേല്പിച്ചു. വലിയ മാര്‍ജിനില്‍ തോല്‍വി വഴങ്ങുമായിരുന്ന ടീമിനെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് താരം വിജയത്തോട് അടുപ്പിച്ചു. വിജയവും പരമ്പരയും ഇന്ത്യ കൈവിട്ടെങ്കിലും എന്നും ഓര്‍ത്തുവെക്കാന്‍ ഒരു ഇന്നിങ്സാണ് ചെയ്സ് മാസ്റ്റര്‍ സമ്മാനിച്ചത്.
കിവീസിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ കോഹ്‌ലി തന്റെ 54ാം സെഞ്ച്വറിയാണ് അടിച്ചത്. 108 പന്തില്‍ 124 റണ്‍സെടുത്തായിരുന്നു ഈ മത്സരത്തില്‍ താരത്തിന്റെ മടക്കം. ഇതോടെ പരമ്പരയില്‍ 240 റണ്‍സെടുക്കാന്‍ താരത്തിന് സാധിച്ചു.
വിരാട് കോഹ്‌ലി. Photo: BCCI/x.com
ഒപ്പം ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ കോഹ്‌ലി ഒന്നാമത്തെത്തുകയും ചെയ്തു. 12676 റണ്‍സെടുത്താണ് താരം തലപ്പത്തെത്തിയത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് ഈ നേട്ടം.
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 12676
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 12662
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 9747
ജാക്‌സ് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 7774
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 6504
ബാബര്‍ അസം – പാകിസ്ഥാന്‍ – 5811
Content Highlight: Virat Kohli tops the list of the Most Runs at number 3 position in ODI history