2026 ഐ.പി.എള്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെയ്സ് മാസ്റ്റര്‍ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ബെംഗളൂരു വിജയിച്ചുകയറിയത്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു.
മത്സരശേഷം രണ്ടാം കിരീടം നേടിയതിന്റെ സന്തോഷം വിരാട് പങ്കുവെക്കുകയും ചെയ്തിരുന്നു. രണ്ട് കിരീടങ്ങള്‍ നേടിയിട്ടും ഞങ്ങള്‍ തൃപ്തരല്ലെന്നാണ് കോഹ്‌ലി പറഞ്ഞത്. ബെംഗളൂരുവിനായി മറ്റൊരു കിരീടം കൂടി നേടികൊടുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും കോഹ്‌ലി വ്യക്തമാക്കി.
‘തുടര്‍ച്ചയായി ഐ.പി.എല്‍ കിരീടങ്ങള്‍ നേടുകയെന്നത് വലിയ നേട്ടമാണ്. എന്നാല്‍ ഞങ്ങള്‍ ഇതില്‍ തൃപ്തരല്ല. കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീം മികച്ച പ്രകടനമാണ് നടത്തിയത്. ഇനി ഇതിനേക്കാള്‍ മികച്ചത് ചെയ്യുകയാണ് ലക്ഷ്യം. ടീമിലെ എല്ലാവര്‍ക്കും ഇനിയും കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ആഗ്രഹമുണ്ട്. ഇതുവരെ ഒരു ടീമിനും നേടാനാവാത്ത നേട്ടം കൈവരിക്കുന്നതിനുള്ള കഴിവും അനുഭവവും ആത്മവിശ്വാസവും ഞങ്ങള്‍ക്ക് ഉണ്ട്.
കൂടുതല്‍ കഠിനാധ്വാനം ചെയ്തുകൊണ്ട് സ്ഥിരത നിലനിര്‍ത്തി ആര്‍.സി.ബിക്കായി മറ്റൊരു കിരീടം നേടികൊടുക്കുകയെന്നാണ് ഇപ്പോഴത്തെ ശ്രദ്ധ. ചരിത്രം സൃഷ്ടിക്കുകയും വിജയ യാത്രകള്‍ തുടരുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ കോഹ്‌ലി പറഞ്ഞു.
രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ ആദ്യ കിരീട നേട്ടം. ഐ.പി.എല്ലില്‍ ഒരു ടീമിനും ഹാട്രിക് കിരീടമെന്ന നേട്ടത്തിലെത്താന്‍ സാധിച്ചിട്ടില്ല. 2027ലും ആര്‍സിബി കിരീടം നേടിയാല്‍ ഐ.പി.എല്ലില്‍ പുതിയ ചരിത്രവും പിറക്കുമെന്ന് ഉറപ്പാണ്.
Content Highlight: Virat Kohli talk the future aim with royal challengers Bangalore in IPL