| Wednesday, 4th November 2026, 7:29 pm

ഒരേ ഒരു ചേസ് കിങ്: ഇതിഹാസത്തെയും മറികടന്ന് വിരാട് കോഹ്‌ലി

ദേവിക ജയചന്ദ്രന്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ അനായാസ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ണയിച്ച വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

സൂപ്പര്‍താരം വിരാട് കോഹ്‌ലിയുടെ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ 56 പന്തുകള്‍ ബാക്കിനില്‍ക്കെ ല്‍ക്കെയാണ് ഇന്ത്യ 143 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചേസിങ് റെക്കോഡ് കോഹ്‌ലി മറികടന്നു.

ഏകദിന മത്സരങ്ങളില്‍ ചേസ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് വിരാട് കോഹ്‌ലി മാറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 8721 റണ്‍സിന്റെ റെക്കോഡ് ആണ് കോഹ്‌ലി മറികടന്നത്.

ലിസ്റ്റിലുള്ളവരില്‍ ഏറ്റവും കൂടുതല്‍ ചേസ് ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ആവറേജും കോഹ്‌ലിയ്ക്ക് തന്നെയാണ്. 66.54 ആണ് താരത്തിന്റെ ആവറേജ്. കോഹ്‌ലി കഴിഞ്ഞാല്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് മാത്രമാണ് 50ലധികം ആവറേജ് ഉള്ളത്.

ചേസ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍
(താരം- രാജ്യം- റണ്‍സ്- ആവറേജ്)

വിരാട് കോഹ്‌ലി- ഇന്ത്യ- 8721*- 66.54

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- ഇന്ത്യ- 8720- 42.23

രോഹിത് ശര്‍മ- ഇന്ത്യ- 6801*- 50.75

സനത് ജയസൂര്യ- ശ്രീലങ്ക- 5742- 29.44

ജാക് കല്ലിസ്- സൗത്ത് ആഫ്രിക്ക- 5575- 44.95

സേന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരവും കോഹ്‌ലി തന്നെയാണ്. 78 തവണ വിരാട് 50 കടന്നിട്ടുണ്ട്. തൊട്ടുപുറകിലുള്ള സച്ചിന്‍ 74 തവണയാണ് സേന രാജ്യങ്ങളില്‍ 50 കടന്നത്.

അതേസമയം ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാന്‍ഡിനെ തകര്‍ക്കാന്‍ സാധിച്ചത്. അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റ് നേടി ഗുര്‍ണൂര്‍ ബ്രാറും രണ്ട് വിക്കറ്റ് നേടി അന്‍ഷുല്‍ കാംബോജും തിളങ്ങി.

അവസാന വിക്കറ്റില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ബ്ലെയിര്‍ തിക്‌നറാണ് കിവീസിനെ മുന്നോട്ട് കൊണ്ടുപോയത്. 38 റണ്‍സ് നേടിയ ടിം സീഫേര്‍ട്ട്, 30 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 28 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവര്‍ കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.

Content Highlight: Virat Kohli surpasses Sachin Tendulkar to stand alone at the top of ODI chases

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more