| Monday, 1st June 2026, 7:55 am

രോഹിത്തിനെ വെട്ടിയവന്‍ ഇനി ഗെയ്‌ലിന്റെ കൂടെ; ഐ.പി.എല്‍ ചരിത്രത്തിലേക്ക് പറന്നിറങ്ങി കിങ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു.

ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം കിരീടം നിലനിര്‍ത്തുന്ന മൂന്നാം ടീമായി മാറിയിരിക്കുകയാണ് രജത് പാടിദാറിന്റെ ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്.

ബെംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വിരാടാണ്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ ടെയ്‌സ് മാസ്റ്റര്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും കിങ്ങിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തലില്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനൊപ്പമാണ് വിരാട് റെക്കോഡ് പങ്കിടുന്നത്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് വിരാട് രണ്ടാമനായത്. ലിസ്റ്റില്‍ ഒന്നാമന്‍ എ.ബി. ഡി വില്ലിയേഴ്‌സാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരങ്ങള്‍

എ.ബി. ഡി വില്ലിയേഴ്‌സ് – 25

വിരാട് കോഹ്‌ലി – 22*

ക്രിസ് ഗെയ്ല്‍ – 22

രോഹിത് ശര്‍മ – 21

എം.എസ്. ധോണി – 18

മത്സരത്തില്‍ ബെംഗളൂരുവിന് വേണ്ടി ഇംപാക്ടായി ഇറങ്ങിയ വെങ്കിടേശ് അയ്യര്‍ 16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സും നേടിയിരുന്നു.

ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാദ, അര്‍ഷാദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം അഞ്ചാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിനെ പിടിച്ചുയര്‍ത്തിയത്. താരം 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 18 പന്തില്‍ നിഷാന്ത് സിന്ധു ടീമിന്റെ രണ്ടാം ടോപ് സ്‌കോററുമായി.

ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Virat Kohli Surpass Rohit Sharma And Achieve Big Record In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more