| Saturday, 25th April 2026, 2:33 pm

'വിരാടിന്റെ സെഞ്ച്വറിയില്‍' അങ്ങ് പാകിസ്ഥാനിലിരിക്കുന്ന ബാബറും തകര്‍ന്നു; ലോക റെക്കോഡില്‍ പടയോട്ടം തുടര്‍ന്ന് കിങ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുതകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനായിരുന്നു ബെംഗളൂരു തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.

വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബിയുടെ വിജയം. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. 184.09 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

27 പന്തില്‍ രണ്ട് ഫോറും ആറ് കൂറ്റന്‍ സിക്‌സുമുള്‍പ്പെടെ 55 റണ്‍സാണ് പടിക്കല്‍ നേടിയത്. സൂപ്പര്‍ സിക്‌സ് അവാര്‍ഡും താരത്തിനായിരുന്നു. 203.70 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മാത്രമല്ല 48 പന്തില്‍ 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് നേടാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചു.

ഈ കൂട്ടുകെട്ടിന് പിന്നാലെ ഒരു വെടിക്കെട്ട് റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്താനും സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന ഒന്നാമത്തെ താരാമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്നാണ് കിങ് വിരാട് ഒന്നാമനായത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരം, എണ്ണം (ഇന്നിങ്‌സ്)

വിരാട് കോഹ്‌ലി (ഇന്ത്യ) – 48 (404)

ബാബര്‍ അസം (പാകിസ്ഥാന്‍) – 47 (343)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 46 (455)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 44 (437)

ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 40 (407)

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.

ആര്‍.സി.ബിബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിന്റെ പക്കലുള്ളത്. ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.

Content Highlight: Virat Kohli Surpass Babar Azam In A Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more