ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സീരീസ് ഡിസൈഡറിലും തോല്‍വി വഴങ്ങിയതോടെ ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നതും.
പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയ വിരാട് കോഹ്‌ലി തന്റെ ഫോം മങ്ങിയിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.
ഏകദിനത്തിലെ 54ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് കളം വിട്ടത്. കിവീസിനെതിരെ 108 പന്തില്‍ 124 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും വിരാട് കുതിപ്പ് തുടരുകയാണ്.
ഏകദിനത്തില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാമനായ ഈ ലിസ്റ്റില്‍ ആത്മ സുഹൃത്ത് കൂടിയായ പ്രോട്ടിയാസ് ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സിനെ മറികടക്കാനും വിരാടിന് സാധിച്ചു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 56
വിരാട് കോഹ്‌ലി (ഇന്ത്യ) – 55
എ.ബി. ഡിവില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 54
അതേസമയം മത്സരത്തില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും അടിച്ചെടുത്തു.
Content Highlight: Virat Kohli Surpass AB de Villiers In Great Record Achievement