| Tuesday, 29th September 2026, 8:48 pm

കങ്കാരുക്കളെയടിച്ച സച്ചിനൊപ്പമെത്താന്‍ വിന്‍ഡീസിനെയടിച്ച വിരാട്; കളിച്ച രണ്ട് മത്സരത്തിലും സെഞ്ച്വറിയടിച്ച വേദിയിലേക്ക് വീണ്ടും

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (സെപ്റ്റംബര്‍ 30) ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ വിജയം തുടരാന്‍ കൂടിയാണ് അസമിലേക്കിറങ്ങുന്നത്.

ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിച്ച വിരാട് കോഹ് ലിയുടെ ഫോം തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നത്.

ഇതിന് മുമ്പ് ഇന്ത്യ ഗുവാഹത്തിയില്‍ കളിച്ച രണ്ട് ഏകദിനത്തിലും വിരാട് സെഞ്ച്വറി നേടുകയും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും 2023ല്‍ ശ്രീലങ്കയ്‌ക്കെതിരെയുമാണ് വിരാട് സെഞ്ച്വറിയടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ രണ്ട് മത്സരത്തിലും വിരാട് തന്നെയായിരുന്നു കളിയിലെ താരവും.

Photo: BCCI/x.com

നാളെ നടക്കുന്ന മത്സരത്തില്‍ വിരാട് സെഞ്ച്വറിയടിക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്താല്‍ ഒരു നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഒരു ടീമിനെതിരെ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ സച്ചിനൊപ്പമെത്താനാണ് വിരാടിന് സാധിക്കുക.

വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയിച്ച ഏകദിനങ്ങളില്‍ പത്ത് സെഞ്ച്വറികളാണ് വിരാട് നേടിയിട്ടുള്ളത്. ഒമ്പത് വീതം സെഞ്ച്വറികള്‍ നേടിയ എ.ബി ഡി വില്ലിയേഴ്‌സിനെയും ജോ റൂട്ടിനെയും മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

വിന്‍ഡീസിനെതിരെ ജയിക്കുകയും സെഞ്ച്വറി നേടുകയും ചെയ്താല്‍ ഓസ്‌ട്രേലിയക്കെതിരെ 11 സെഞ്ച്വറി നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കൊപ്പമാണ് വിരാട് ഇടം പിടിക്കുക.

ഒരു ടീമിനെതിരെ വിജയിച്ച ഏകദിനങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 13

വിരാട് കോഹ്‌ലി – ഇന്ത്യ – ശ്രീലങ്ക – 12

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 12

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ഓസ്‌ട്രേലിയ – 11

വിരാട് കോഹ്‌ലി – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 10*

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – ഇന്ത്യ – 10

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 10

അതേസമയം, മൂന്ന് മത്സരങ്ങളുടെ സീരീസിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് നേരിട്ട് പരമ്പര സ്വന്തമാക്കാനാണ് ഗുവാഹത്തിയില്‍ ഇന്ത്യയിറങ്ങുന്നത്. ഗ്രീന്‍ഫില്‍ഡില്‍ പരാജയം രുചിച്ച വിന്‍ഡീസിന് പരമ്പര കൈവിടാതെ സൂക്ഷിക്കാന്‍ വിജയം അനിവാര്യമാണ്.

Content Highlight: Virat Kohli set to equal Sachin’s record for the most centuries scored in winning ODI matches against a single team.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more