ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ക്ലീന്‍ സ്വീപ് ചെയ്ത് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായി ഏകദിന പരമ്പരയ്ക്കിറങ്ങിയ സൗത്ത് ആഫ്രിക്കയെ റാഞ്ചിയുടെ മണ്ണില്‍ കാത്തിരുന്നത് ഇന്ത്യയുടെ ഒരു പഴയ നായകനായിരുന്നു.
ആദ്യ വിക്കറ്റായി യശസ്വി ജെയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ അയാള്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തി. ശേഷം കണ്ടത് തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന പ്രകടനവും സെലിബ്രേഷനും.
കരിയറിലെ 52ാം ഏകദിന സെഞ്ച്വറിയാണ് വിരാട് റാഞ്ചിയില്‍ സ്വന്തമാക്കിയത്. സെഞ്ച്വറിക്ക് ശേഷവും മികച്ച രീതിയില്‍ ബാറ്റ് വീശിയ വിരാടിന്റെ ബാറ്റിന് 43ാം ഓവറില്‍ നാന്ദ്രേ ബര്‍ഗര്‍ വിശ്രമം നല്‍കി.
എന്നാല്‍ ഇതിനോടകം തന്നെ വിരാട് പ്രോട്ടിയാസ് നിരയ്ക്ക് മേല്‍ സര്‍വനാശം വിതച്ചിരുന്നു. 120 പന്ത് നേരിട്ട താരം 135 റണ്‍സ് നേടിയാണ് പവലിയനിലേക്ക് തിരികെ നടന്നത്. 11 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
വിരാട് കോഹ്ലി | Photo: BCCI
ഏകദിനത്തില്‍ റാഞ്ചി വിരാടിന്റെ ഭാഗ്യ ഗ്രൗണ്ടാണ്. കളിച്ചത് അഞ്ച് മത്സരങ്ങള്‍. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം അടിച്ചെടുത്തത് 173.0 ശരാശരിയില്‍ 519 റണ്‍സ്.
135 (120) vs സൗത്ത് ആഫ്രിക്ക
123 (95) vs ഓസ്‌ട്രേലിയ
45 (51) vs ന്യൂസിലാന്‍ഡ്
139* (126) vs ശ്രീലങ്ക
77* (79) vs ഇംഗ്ലണ്ട്
വിരാട് കോഹ്ലി | Photo: BCCI
ഇതിനൊപ്പം മറ്റൊരു നേട്ടത്തിലും വിരാട് ഇടം പിടിച്ചു. ഒരു വേദിയില്‍ ഏറ്റവും മികച്ച ഏകദിന ശരാശരിയുടെ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് വിരാട്. ഈ ലിസ്റ്റില്‍ നാലാമനും വിരാട് തന്നെ.
(താരം – ടീം – ശരാശരി – വേദി എന്നീ ക്രമത്തില്‍)
ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – 257.5 – ബുലവായോ
വിരാട് കോഹ്‌ലി – ഇന്ത്യ – 173.0 – റാഞ്ചി
ഡീന്‍ ജോണ്‍സ് – ഓസ്‌ട്രേലിയ – 112.6 – അഡ്‌ലെയ്ഡ്
വിരാട് കോഹ്‌ലി – ഇന്ത്യ – 97.83 – വിസാഖ്
(*ചുരുങ്ങിയത് 500 റണ്‍സ്)
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തന്റെ പേരുമുണ്ടാകുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഇന്നിങ്‌സാണ് വിരാട് റാഞ്ചിയില്‍ പുറത്തെടുത്തത്. കായികക്ഷമതയില്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളോട് പോലും കട്ടയ്ക്ക് നില്‍ക്കാന്‍ സാധിക്കുന്ന വിരാട് ഇതേ ഫോം തുടര്‍ന്നാല്‍ നീല ജേഴ്‌സിയില്‍ അടുത്ത ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും.
Content Highlight: Virat Kohli’s performances in Ranchi