| Sunday, 7th December 2025, 4:17 pm

ഓസ്ട്രേലിയയില്‍ രോഹിത്, പ്രോട്ടിയാസിനെതിരെ കോഹ്ലി; കഴിവ് തെളിയിക്കണമെന്നുള്ളവര്‍ക്കുള്ള മറുപടിയാണ് ഈ സംഹാരതാണ്ഡവം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. ഇരുവരും ടെസ്റ്റില്‍ നിന്നും ടി – 20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളത്തില്‍ ഇറങ്ങുന്നത്. അതിനാല്‍ തന്നെ ഇരുവരുടെയും കളി കാണാന്‍ ആരാധകര്‍ ഒരു ഏകദിന പരമ്പരക്കായി മാസങ്ങളോളമാണ് ആറ്റ്‌നോറ്റ് കാത്തിരുന്നത്.

രോഹിത്തും കോഹ്ലിയും ഐ.പി.എല്‍ അവസാനിച്ചതിന് ശേഷം പിന്നീട് കളിക്കാന്‍ ഇറങ്ങിയിരുന്നത് ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു. പിന്നീട് ഇപ്പോള്‍ അവസാനിച്ച സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിലുമായിരുന്നു.

മാസങ്ങളോളം ഫീല്‍ഡില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇരുവരും ഇപ്പോഴും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്താണ് തിളങ്ങിയതെങ്കില്‍ പ്രോട്ടിയാസിനെതിരെ വിന്റേജ് കോഹ്ലിയുടെ സംഹാര താണ്ഡവത്തിനും ആരാധകര്‍ സാക്ഷിയായി.

രോഹിത് ശർമയും വിരാട് കോഹ്‌ലിയും പ്രോട്ടിയാസിനെതിരെ Photo: BCCI/x.com

ഇരുവരും ടെസ്റ്റിനോട് വിടപറഞ്ഞതിന് ശേഷം ആദ്യം നടന്ന ഏകദിന പരമ്പര ഓസ്ട്രേലിയയ്ക്ക് എതിരെ അവരുടെ നാട്ടിലായിരുന്നു. അതില്‍ ആദ്യ മത്സരത്തില്‍ ഇരുവരും നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ഫോമിലേക്ക് തിരിച്ചെത്തി. രണ്ടാം മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറിയും മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും സ്വന്തമാക്കി.

എന്നാല്‍, കോഹ്ലിയ്ക്ക് അവസാന മത്സരതില്‍ മാത്രമാണ് മികച്ച പ്രകടനം നടത്താന്‍ സാധിച്ചത്. അതില്‍ 74* റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രോഹിത്തിന്റേതാവട്ടെ 121*, 73, 8 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഈ മികവിന് താരത്തിന് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും ലഭിച്ചു.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ രോഹിത് ശർമ Photo: BCCI/x.com

പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും ഇന്ത്യന്‍ ഓപ്പണറുടെ പേരിലായിരുന്നു. കൂടാതെ, പരമ്പരയില്‍ ഏറ്റവും വലിയ സ്‌കോര്‍, ഉയര്‍ന്ന ആവറേജ്, കൂടുതല്‍ സിക്‌സ്, കൂടുതല്‍ ഫോറുകള്‍ എന്നിവയും രോഹിത്തിന്റെ പേരില്‍ തന്നെയായിരുന്നു.

പ്രോട്ടിയാസിനെതിരെയുള്ള പരമ്പരയിലേക്ക് വരുമ്പോള്‍ ഇതെല്ലാം കോഹ്ലിയ്ക്ക് സ്വന്തമാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ടെണ്ണത്തില്‍ താരം സെഞ്ച്വറി നേടിയപ്പോള്‍ സീരീസ് ഡിസൈഡറില്‍ പുറത്താവാതെ അര്‍ധ സെഞ്ച്വറിയും കരസ്ഥമാക്കി. ഈ പ്രകടനത്തിന് താരം പ്ലെയര്‍ ഓഫ് സീരീസ് തന്റെ അക്കൗണ്ടിലുമെത്തിച്ചു.

വായുവിൽ ഉയർന്ന് ചാടി സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വിരാട് കോഹ്‌ലി Photo: BCCI/x.com

ഈ രണ്ട് പരമ്പരയിലും രോഹിത്തും കോഹ്ലിയും നടത്തിയ പ്രകടനങ്ങള്‍ ക്രിക്കറ്റ് ലോകം ഞെഞ്ചോട് ചേര്‍ത്തിരുന്നു. ഇതോടൊപ്പം സെഞ്ച്വറി നേടിയതിന് ശേഷമുള്ള കോഹ്ലിയുടെ ആഘോഷ പ്രകടനങ്ങളൊക്കെ ഏറെ ശ്രദ്ധ നേടി. ഇവയെല്ലാം തങ്ങളെ സംശയിച്ചവര്‍ക്കും കഴിവ് തെളിയിക്കാനും ആവശ്യപ്പെട്ടവര്‍ക്കുമുള്ള മറുപടിയായാണ് ക്രിക്കറ്റ് ലോകം ഈ പ്രകടനങ്ങളെ വിലയിരുത്തുന്നത്.

കോഹ്ലിക്കും രോഹിത്തിനും പ്രായമേറിയെന്നും അരങ്ങൊഴിയണമെന്നും ആവശ്യപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ മാറി നില്‍ക്കാം. കാരണം ഇരുവരും പ്രായം എല്ലാം ഒരു നമ്പര്‍ മാത്രമാണെന്നാണ് ഇതിലൂടെ പറഞ്ഞു വെക്കുന്നത്. ഒപ്പം എത്ര സംശയിച്ചാലും ഇവിടെ തന്നെ തുടരുമെന്ന ഒരു പ്രസ്താവന കൂടിയാണ്.

Content Highlight: Virat Kohli’s and Rohit Sharma performance against Australia and South Africa in last India’s last two ODI series

We use cookies to give you the best possible experience. Learn more