| Tuesday, 19th May 2026, 8:42 pm

നേരിടാന്‍ ബുദ്ധിമുട്ടിയത് ആ മൂന്ന് ബൗളര്‍മാരെ: വെളിപ്പെടുത്തലുമായി കോഹ്‌ലി

Sudev A

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നേരിടാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടേറിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്ന് ഫോര്‍മാറ്റിലും നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍മാരെയാണ് കോഹ്‌ലി തെരഞ്ഞെടുത്തത്. ആര്‍.സി.ബി ഇന്നോവേഷന്‍ ലാബ് നടത്തിയ സ്‌പോര്‍ട്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി.

ടെസ്റ്റ് ക്രിക്കറ്റില്‍ ആരുടെ പന്തുകളെയാണ് നേരിടാന്‍ ബുദ്ധിമുട്ടിയതെന്ന ചോദ്യത്തിന് ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്റെ പേരാണ് കോഹ്‌ലി പറഞ്ഞത്. ടെസ്റ്റില്‍ പല തവണ കോഹ്ലി ആന്‍ഡേഴ്‌സണെ നേരിട്ടിട്ടുണ്ട്. എട്ട് തവണയാണ് ഇംഗ്ലീഷ് ഇതിഹാസ പേസര്‍ക്ക് മുന്നില്‍ കോഹ്‌ലി വിക്കറ്റ് നല്‍കി മടങ്ങിയത്.

ഏകദിനത്തില്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയ ബൗളറായി ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിനെയാണ് കോഹ്‌ലി തെരെഞ്ഞെടുത്തത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അഞ്ച് തവണയാണ് ഇംഗ്ലണ്ട് സ്പിന്നര്‍ കോഹ്‌ലിയെ പുറത്താക്കിയിട്ടുള്ളത്.

ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്ന്റെ പേരാണ് കോഹ്‌ലി പറഞ്ഞത്. ഐ.പി.എല്ലില്‍ ഈ സീസണിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ നരെയ്‌നെ കോഹ്‌ലി നേരിട്ടു. നാല് തവണയാണ് വിന്‍ഡീസ് താരം കോഹ്‌ലിയെ മടക്കിയയച്ചത്.

സുനിൽ നരെയ്ൻ. Photo: CricketGully/x.com

അതേസമയം ഐ.പി.എല്‍ 2026ല്‍ വിരാട് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 13 ഇന്നിങ്‌സുകളില്‍ കളിച്ച താരം ഇതുവരെ 542 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് മുന്‍ ആര്‍.സി.ബി നായകന്‍ ഈ സീസണില്‍ അടിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 60 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 54.20 ശരാശരിയിലും 164.74 സ്ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.

ആര്‍.സി.ബി ഇതിനോടകം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കഴിഞ്ഞു. പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയാണ് ഈ സീസണില്‍ പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ബെംഗളൂരു മാറിയത്.

ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 26 റണ്‍സിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ആര്‍.സി.ബി ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് തുടര്‍ച്ചയായ ആറാം തോല്‍വിയാണ് വഴങ്ങിയിരിക്കുന്നത്.

Content Highlight: Virat Kohli Reveals the toughest bowlers he faced in international cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more