| Wednesday, 14th January 2026, 2:20 pm

രോഹിത്തിനെ വെട്ടി; ഇനി കിങ് കോഹ്‌ലി ഒന്നാമന്‍!

ഫസീഹ പി.സി.

ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി വിരാട് കോഹ്‌ലി. 785 പോയിന്റുമായാണ് താരത്തിന്റെ ഈ നേട്ടം. 2021 ന് ശേഷം ഇതാദ്യമായാണ് താരം വീണ്ടും റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

ന്യൂസിലാന്‍ഡിന് എതിരെ ഇപ്പോള്‍ നടക്കുന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ഒന്നാം ഏകദിനത്തിലെ ബാറ്റിങ് മികവാണ് കോഹ്‌ലിയെ വീണ്ടും ഒന്നാം റാങ്കിങ്ങിലെത്തിച്ചത്. മത്സരത്തില്‍ താരം കിവികള്‍ക്ക് എതിരെ 91 പന്തില്‍ 93 റണ്‍സെടുത്തിരുന്നു.

വിരാട് കോഹ്ലി. Photo: BCCI/x.com

ഇതിന് പുറമെ, അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും കോഹ്‌ലി രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും സ്‌കോര്‍ ചെയ്തിരുന്നു. ഈ മികവാണ് താരത്തിന് ഈ ഒന്നാം സ്ഥാനം സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്ക് എതിരെ അവസാന മത്സരത്തില്‍ 74 റണ്‍സെടുത്ത താരം ആ മികവ് സൗത്ത് ആഫ്രിക്കക്ക് എതിരെയും തുടര്‍ന്നു.

ആദ്യ രണ്ട് മത്സരത്തില്‍ സെഞ്ച്വറി അടിച്ച വിരാട് അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും കരസ്ഥമാക്കിയിരുന്നു. 135, 102, 65 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. അതേ മികവ് തന്നെയാണ് കിവികള്‍ക്ക് എതിരെ ആദ്യ മത്സരത്തിലും ആരാധകരുടെ കിങ് നടത്തിയത്.

അതേസമയം, റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ന്യൂസിലാന്‍ഡിന്റെ ഡാരല്‍ മിച്ചാലാണ്. താരത്തിന് 784 പോയിന്റുണ്ട്. ഇന്ത്യയ്ക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങാണ് താരത്തെയും തുണച്ചത്.

രോഹിത് ശര്‍മ. Photo: BCCI/x.com

ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന രോഹിത് ശര്‍മയെ മറികടന്നാണ് ഇരുവരുടെയും നേട്ടം. താരം രണ്ട് സ്ഥാനം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് വീണു. കിവികള്‍ക്ക് എതിരെ മുന്‍ നായകന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കോഹ്‌ലിക്കും രോഹിത്തിനും പുറമെ, ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗില്‍ അഞ്ചാം സ്ഥാനത്തും അയ്യര്‍ പത്താമതുമാണ്. ഇവര്‍ക്കൊപ്പം കെ.എല്‍. രാഹുലും നേട്ടം കൈവരിച്ചിട്ടുണ്ട്. താരം ഒരു സ്ഥാനം മെച്ചപ്പെടുത്തി 11ാം സ്ഥാനത്തെത്തി.

Content Highlight: Virat Kohli reclaimed no.1 spot of ICC ODI batting ranking after 2021 surpassing Rohit Sharma

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more