| Thursday, 7th May 2026, 10:05 am

സമ്മർദ ഘട്ടത്തില്‍ അവനെ ടീമിന് 100 ശതമാനം ആശ്രയിക്കാം: പ്രശംസയുമായി കോഹ്‌ലി

Sudev A

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. സമ്മര്‍ദ്ദ ഘട്ടത്തില്‍ 100 ശതമാനം ടീമിന് ആശ്രയിക്കാന്‍ സാധിക്കുന്ന ഒരു താരമാണ് ഭുവനേശ്വര്‍ എന്നാണ് കോഹ്ലി പറഞ്ഞത്. വര്‍ഷങ്ങളായി താരം മികച്ച പ്രകടനം തുടരുകയാണെന്നും കോഹ്‌ലി പറഞ്ഞു. ആര്‍.സി.ബി പുറത്തുവിട്ട വീഡിയോയിലാണ് കോഹ്‌ലി ഇന്ത്യന്‍ പേസറെ പ്രശംസിച്ചത്.

‘സമ്മര്‍ദ്ദ ഘട്ടത്തില്‍ 100 ശതമാനം ആശ്രയിക്കാന്‍ സാധിക്കുന്ന ഒരാളാണ് ഭുവനേശ്വര്‍ കുമാര്‍. ഇത്രയും വര്‍ഷങ്ങളിലായി ആ കഴിവ് നിലനിര്‍ത്തുകയും എല്ലാ മത്സരങ്ങളിലും ക്യാപ്റ്റന്റെ പിന്തുണ നേടുകയും ചെയ്യുകയെന്നത് മികച്ച നേട്ടമാണ്. വര്‍ഷങ്ങളായി അദ്ദേഹം നടത്തി വരുന്ന മികച്ച പ്രകടനങ്ങള്‍ ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഭുവിക്ക് എന്റെ അഭിനന്ദങ്ങള്‍,’ വിരാട് കോഹ്‌ലി പറഞ്ഞു.

ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി മിന്നും പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ഇതുവരെ കളിച്ച ഭുവി 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 7.54 എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റാണ് ഈ സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.

അടുത്തിടെ ടി-20ല്‍ 350 വിക്കറ്റുകള്‍ നേടി റെക്കോഡിടാന്‍ ഭുവനേശ്വറിന് സാധിച്ചിരുന്നു. ഗുജറത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഭുവി ഈ നേട്ടത്തിലെത്തിയത്. ടി-20യില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍. ആദ്യമായി ടി-20യില്‍ 350 വിക്കറ്റുകള്‍ നേടിയത് പഞ്ചാബ് കിങ്‌സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. എന്നാല്‍ ആദ്യമായി ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ പേസര്‍ ഭുവിയാണ്.

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് മത്സരങ്ങളില്‍ വിജയിച്ചും മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടുമാണ് ആര്‍.സി.ബി രണ്ടാം സ്ഥാനത്തുള്ളത്. ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ ബെംഗളൂരുവിന് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കും. ഇന്നാണ് ആര്‍.സി.ബി തങ്ങളുടെ പത്താം മത്സരത്തിനിറങ്ങുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

Content Highlight: Virat Kohli Praises Bhuvaneswar Kumar Performance in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more