| Monday, 12th May 2025, 6:37 pm

എന്റെ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തും; വിരമിക്കലിന് പിന്നാലെ റൊണാള്‍ഡോ vs മെസി ഡിബേറ്റില്‍ വിരാടിന്റെ തെരഞ്ഞെടുപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോള്‍ അടുത്ത ട്രാന്‍സിഷന്‍ പിരിയഡിലേക്ക് കടന്നിട്ടും പുതിയ താരങ്ങള്‍ സ്പോട്ട്ലൈറ്റ് സ്റ്റീലേഴ്സായി മാറിയിട്ടും മെസിയും റൊണാള്‍ഡോയും തന്നെയാണ് ഇന്നും ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ഇവരെ കുറിച്ച് പരാമര്‍ശിക്കാത്ത ഒരു ദിവസം പോലും ആരാധകര്‍ക്കിടയില്‍ ഉണ്ടാകാറില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്നതായിരുന്നു ഫുട്ബോള്‍ ലോകത്തെ ഏറെ കാലം ഇളക്കിമറിച്ച ചോദ്യം. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

ഏതൊരു പ്രൊഫഷണല്‍ ഫുട്ബോളറും തന്റെ കരിയറില്‍ ഒരിക്കലെങ്കിലും മെസിയോ റോണാള്‍ഡോയോ? ആരാണ് മികച്ചത് എന്ന ചോദ്യം നേരിട്ടുണ്ടാകും. നിലവിലുള്ളവര്‍ മാത്രമല്ല, ഇതിഹാസ താരങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.

ഫുട്‌ബോള്‍ താരങ്ങള്‍ മാത്രമല്ല, ക്രിക്കറ്റ് അടക്കമുള്ള മറ്റ് സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഗോട്ട് ഡിബേറ്റില്‍ ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയുടെ വാക്കുകളാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ വിരമിക്കലിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത്.

2019ലാണ് വിരാട് മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് വിരാട് മികച്ച താരമായി തെരഞ്ഞെടുത്തത്. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കുറച്ച് ബുദ്ധിമുട്ടുള്ള ചോദ്യമാണ്. എങ്കിലും ക്രിസ്റ്റിയാനോയാണ് ഞാന്‍ കണ്ടതില്‍ കംപ്ലീറ്റ് ഫുട്‌ബോളര്‍. ഇടംകാലോ വലം കാലോ ആകട്ടെ, സ്പീഡോ ഡ്രിബ്ലിങ് സ്‌കില്ലോ ആകട്ടെ അദ്ദേഹം ഏറെ മികച്ചതാണ്. അദ്ദേഹത്തെക്കാള്‍ മികച്ച ഒരു ഗോള്‍ വേട്ടക്കാരനെ ഞാന്‍ കണ്ടിട്ടില്ല.

അദ്ദേഹം ഫുട്‌ബോളില്‍ വിപ്ലവം സൃഷ്ടിച്ചു, എല്ലാവരും അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ സ്ഥാനം ഏറെ സ്‌പെഷ്യലാണ്. എന്റെ ടീമില്‍ ഒരാളെ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുകയെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തെ തന്നെ തെരഞ്ഞെടുക്കും.

ഇത് കേവലം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. മെസി ഏറെ മികച്ച താരമാണ്. നാച്ചുറല്‍ ടാലന്റ്, അദ്ദേഹത്തിന്റെ കഴിവ് ലോകത്ത് മറ്റാര്‍ക്കും തന്നെയില്ല.

എന്നെ സംബന്ധിച്ച് മത്സരത്തിന്റെ ഓരോ മിനിട്ടിലും പരിശ്രമിക്കാനുള്ള കഴിവോ ഇച്ഛാശക്തിയുമാണ് വേറിട്ടുനില്‍ക്കുന്നത്. റൊണാള്‍ഡോയുടെ ആ ഡ്രൈവ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ടോപ് ലെവലില്‍ കളിക്കുന്ന എല്ലാവരും മികച്ച താരങ്ങള്‍ തന്നെയാണ്. എന്നാല്‍ റൊണാള്‍ഡോയുടെ മനശക്തി മറ്റാര്‍ക്കും തന്നെയില്ല എന്നാണ് എനിക്ക് തോന്നുന്നത്,’ വിരാട് പറഞ്ഞു.

അതേസമയം, വിരാടിനെ പോലെ മെസിയും റൊണാള്‍ഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. പക്ഷേ, 2026 ലോകകപ്പില്‍ ഇരുവരും കളിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Virat Kohli picks Cristiano Ronaldo in Ronaldo vs Messi debate

We use cookies to give you the best possible experience. Learn more