| Tuesday, 26th May 2026, 7:19 am

അപൂര്‍വ റെക്കോഡ് ലക്ഷ്യം വെച്ച് കിങ്; ഗുജറാത്തിനെതിരെ വേണ്ടത് ഇത്രമാത്രം...

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്തുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ധര്‍മശാലയില്‍ നടക്കുന്ന നിര്‍ണായക മത്സരത്തിന് വേണ്ടി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മത്സരത്തില്‍ ഏവരുടെയും ശ്രദ്ധാ കേന്ദ്രം ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ്. ഐ.പി.എല്‍ കരിയറില്‍ ഒട്ടേറെ റെക്കോഡുകള്‍ സ്വന്തമാക്കിയ വിരാടിന് മറ്റൊരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

ഗുജറാത്തിനെതിരെ ഇന്ന് വെറും 43 റണ്‍സ് കൂടി നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600+ റണ്‍സ് നേടുന്ന ആദ്യ താരമാകാനാണ് വിരാട് കോഹ്‌ലി സാധിക്കുക. സീസണില്‍ 14 കളിയില്‍ നിന്ന് 557 റണ്‍സാണ് വിരാട് ഇതുവരെ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും താരം നേടി.

2023ല്‍ 639 റണ്‍സും 2024ല്‍ 714 റണ്‍സും 2025ല്‍ 657 റണ്‍സുമാണ് വിരാട് നേടിയത്. നിലവില്‍ തുടര്‍ച്ചയായ മൂന്ന് സീസണില്‍ 600+ റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് കോഹ്‌ലിക്കൊപ്പമുള്ളവര്‍.

വിരാട് കോഹ്ലി

ഐ.പി.എല്ലില്‍ ബെംഗളൂരുവിന് വേണ്ടി 281 മത്സരങ്ങള്‍ കളിച്ച വിരാട് 9218 റണ്‍സാണ് ഇതുവരെ നേടിയത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. മാത്രമല്ല 40.08 എന്ന ആവറേജും 134.39 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്. കരിയറില്‍ ഒമ്പത് സെഞ്ച്വറികളും 67 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

അതേസമയം ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും അഞ്ച് തോല്‍വിയും അടക്കം 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഫിനിഷ് ചെയ്തത്. +0.783 എന്ന നെറ്റ് റണ്‍റേറ്റും ബെംഗളൂരു നേടിയരുന്നു. 14 മത്സരങ്ങളില്‍ ഒമ്പത് വിജയവും അഞ്ച് തോല്‍വിയും നേരിട്ട് 18 പോയിന്റ് നേടി ഗുജറാത്ത് തൊട്ടു പുറകിലാണ് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. +0.695 എന്ന നെറ്റ് റണ്‍റേറ്റാണ് ഗില്ലിന്റെ ഗുജറാത്തിനുള്ളത്.

മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.

Content Highlight: Virat Kohli Need 43 Runs To Achieve Rare Record In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more