| Saturday, 27th December 2025, 9:03 am

സച്ചിനൊപ്പമെത്താന്‍ വേണ്ടത് വെറും രണ്ട് സെഞ്ച്വറി; 2025 അവസാനിക്കും മുമ്പ് ചരിത്രമെഴുതുമോ?

ആദര്‍ശ് എം.കെ.

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തി ദല്‍ഹി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയമധുരം രുചിച്ചിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെയും പ്രിന്‍സ് യാദവ്, ഇഷാന്ത് ശര്‍മ, അര്‍പ്പിത് റാണ എന്നിവരുടെ ബൗളിങ് മികവിലുമാണ് ദല്‍ഹി വിജയം നേടിയത്.

ദല്‍ഹി ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 247ന് പുറത്തായി. 61 പന്തില്‍ 77 റണ്‍സടിച്ച വിരാട് കോഹ്‌ലിയാണ് ദല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. വിരാട് തന്നെയാണ് കളിയിലെ താരവും.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങുന്ന വിരാട്. Photo: Mufaddal Vohra/x.com

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാടിനെ തേടി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തുന്നത്. ടൂര്‍ണമെന്റില്‍ ദല്‍ഹിയുടെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് വിരാട് കളിയിലെ താരമായത്.

ഗുജറാത്തിനെതിരെയും സെഞ്ച്വറി പ്രതീതി സൃഷ്ടിച്ച ശേഷമാണ് വിരാട് മടങ്ങിയത്. ഗുജറാത്തിനെതിരെ 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ലിസ്റ്റ് എ കരിയറിലെ 59ാം സെഞ്ച്വറിയായിരുന്നു താരത്തിന്റെ പേരില്‍ കുറിക്കപ്പെടുക.

വിരാട് വിജയ് ഹസാരെ ട്രോഫിയില്‍

ഇപ്പോള്‍ 58 തവണ നൂറടിച്ച് ലിസ്റ്റ് എയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാമതാണ് വിരാട്. 60 സെഞ്ച്വറിയുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 60

വിരാട് കോഹ്‌ലി – 58

ഗ്രഹാം ഗൂച്ച് – 44

കുമാര്‍ സംഗക്കാര – 39

രോഹിത് ശര്‍മ – 37

റിക്കി പോണ്ടിങ് – 34

ഈ റെക്കോഡ് നേട്ടത്തില്‍ ഈ വര്‍ഷം തന്നെ വിരാടിന് സച്ചിനൊപ്പമെത്താനും അവസരമുണ്ട്. വിജയ് ഹസാരെയില്‍ ദല്‍ഹി 2025 അവസാനിക്കും മുമ്പ് രണ്ട് മത്സരം കളിക്കും. ഡിസംബര്‍ 29ന് സൗരാഷ്ട്രക്കെതിരെയും 31ന് ഒഡീഷയ്‌ക്കെതിരെയുമാണ് ദല്‍ഹിയുടെ മത്സരങ്ങള്‍.

ഇത് മാത്രമല്ല, പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും വിരാട് സച്ചിന് പിന്നിലാണ്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 104 സെഞ്ച്വറിയാണ് നിലവില്‍ വിരാടിന്റെ പേരിലുള്ളത്.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 148

വിരാട് കോഹ്‌ലി – 104*

രാഹുല്‍ ദ്രാവിഡ് – 89

സുനില്‍ ഗവാസ്‌കര്‍ – 86

രോഹിത് ശര്‍മ – 74

അന്താരാഷ്ട്ര തലത്തില്‍ 84 സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 53 സെഞ്ച്വറിയടിച്ച താരം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 30 സെഞ്ച്വറിയും കുട്ടിക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ എട്ട് സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. എട്ടും ആര്‍.സി.ബിക്ക് വേണ്ടി. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെയിലും ദല്‍ഹിക്കായി അഞ്ച് വീതം സെഞ്ച്വറി നേടിയ താരം മുഹമ്മദ് നിസാര്‍ ട്രോഫിയിലും ദല്‍ഹിക്കായി മൂന്നക്കം കടന്നിട്ടുണ്ട്. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടിയാണ് വിരാടിന്റെ മറ്റൊരു സെഞ്ച്വറി പിറന്നത്.

Content Highlight: Virat Kohli need 2 centuries to equal Sachin Tendulkar’s record of most List A centuries

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more