ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ 224 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 333 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ 26.4 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് കിവികള്‍ കരുത്ത് കാട്ടിയത്. ഏകദിന ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 53 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേലും നമന്‍ ധിറും 21 റണ്‍സ് വീതം നേടി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണറായി ടീമില്‍ തിരിച്ചെത്തിയ ഋതുരാജ് ഗെയ്ക്വാദ് അഞ്ച് റണ്‍സിനും കീഴടങ്ങി. മറ്റാര്‍ക്കും പ്രതീക്ഷിച്ച ബാറ്റിങ് മികവ് കാണിക്കാന്‍ സാധിച്ചില്ലായിരുന്നു.
മോശം ബാറ്റിങ് പ്രകടനം നടത്തിയതോടെ ഒരു നാണംകെട്ട റെക്കോഡിലും മുന്നേറിയിരിക്കുകയാണ് കോഹ്‌ലിയും രോഹിത്തും. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് വിരാട്. ഈ മോശം നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമാണ് വിരാട് എത്തിച്ചേര്‍ന്നത്. മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയതോടെ റെക്കോഡ് ലിസ്റ്റില്‍ മൂന്നാമനായി രോഹിത്തും പുറകിലുണ്ട്.
വിരാട് കോഹ്ലി* – 20
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 20
ജവഗല്‍ ശ്രീനാഥ് – 19
രോഹിത് ശര്‍മ* – 18
അനില്‍ കുംബ്ലെ – 18
യുവരാജ് സിങ് – 18
ഹര്‍ഭജന്‍ സിങ് – 17
സൗരവ് ഗാംഗുലി – 16
(*കളി തുടരുന്ന താരങ്ങള്‍)
ന്യൂസിലാന്‍ഡിന് വേണ്ടി കിടിലന്‍ ബൗളിങ് പ്രകടനം നടത്തിയത് ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ്. മാത്യു ഫിഷര്‍ മൂന്ന് വിക്കറ്റും കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തില്‍ കിവികള്‍ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് വില്‍ യങ്ങാണ്. 108 പന്തില്‍ നിന്ന് നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് താരം നേടിയത്. ടിം സീഫേര്‍ട്ട് 48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 58 റണ്‍സും നേടി. മധ്യനിരയില്‍ ഇറങ്ങിയ ഫിന്‍ അലന്‍ 30 പന്തില്‍ 41 റണ്‍സ് നേടി മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി ആഖിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും നമന്‍ ധിറും ഓരോ വിക്കറ്റും നേടി. രണ്ട് റണ്‍ ഔട്ടുകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlight: Virat Kohli joins Sachin Tendulkar as the Indian player with the most ducks in ODI cricket