എണ്ണമറ്റ റെക്കോഡുകള്‍ മാത്രം കൈമുതലായി ഉണ്ടായിരുന്ന വിരാട് കോഹ്‌ലി തന്റെ ഐ.പി.എല്‍ കരിയര്‍ സമ്പൂര്‍ണമാക്കിയ വര്‍ഷമായിരുന്നു 2025. ഐ.പി.എല്‍ 18ാം എഡിഷന്റെ കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി കിങ് കോഹ്‌ലിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കൊടുമുടി കീഴടക്കി.
കിരീടനേട്ടത്തിനൊപ്പം ഒരു ഐതിഹാസിക നേട്ടവും കഴിഞ്ഞ സീസണില്‍ വിരാട് സ്വന്തമാക്കിയിരുന്നു. നാല് വിവിധ ടീമുകള്‍ക്കെതിരെ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലി
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളോട് നേരത്തെ ആയിരം റണ്‍സ് നേടിയ വിരാട്, ഐ.പി.എല്‍ 2025ന്റെ ഓപ്പണിങ് മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.
ഡേവിഡ് വാര്‍ണറിനും രോഹിത് ശര്‍മയ്ക്കും ശേഷം കൊല്‍ക്കത്തയ്‌ക്കെതിരെ ആയിരം റണ്‍സ് നേടുന്ന മൂന്നാം താരമെന്ന നേട്ടവും വിരാട് തന്റെ പേരിന് നേരെ കുറിച്ചു.
ഈ സീസണില്‍ അഞ്ചാം ടീമിനെതിരെയും ആയിരം റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം വിരാടിന് മുമ്പിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നത്. 133 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ വിരാടിന് രാജസ്ഥാനെതിരെയും ആയിരമടിക്കാം.
ഇതിനൊപ്പം നിലവില്‍ ഐ.പി.എല്ലില്‍ അഞ്ച് വിവിധ ടീമുകള്‍ക്കെതിരെ ടോപ്പ് സ്‌കോറര്‍ ലിസ്റ്റിലും വിരാടിന്റെ പേരുണ്ട്. ചെന്നൈ, ദല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് വിരാട് റണ്‍ വേട്ടക്കാരില്‍ ഒന്നാമതുള്ളത്.
ടീമിനൊപ്പം വിരാട്
വിരാട് ആയിരമടിച്ച നാലാം ടീമായ കൊല്‍ക്കത്തയ്‌ക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടിയത് ഡേവിഡ് വാര്‍ണറാണ്. ഈ നേട്ടത്തില്‍ നിന്നും വാര്‍ണര്‍ ഈ സീസണോടെ പടിയിറങ്ങാനുള്ള സാധ്യതയും ഏറെയാണ്.
ഡേവിഡ് വാര്‍ണര്‍
(ടീം – താരം – റണ്‍സ് എന്നീ ക്രമത്തില്‍)
ചെന്നൈ സൂപ്പര്‍ കിങ്‌സ് – വിരാട് കോഹ്‌ലി – 1146
ദല്‍ഹി ക്യാപ്പിറ്റല്‍സ് – വിരാട് കോഹ്‌ലി – 1130
ഗുജറാത്ത് ടൈറ്റന്‍സ് – വിരാട് കോഹ്‌ലി – 351
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഡേവിഡ് വാര്‍ണര്‍ – 1093
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ശുഭ്മന്‍ ഗില്‍ – 271
മുംബൈ ഇന്ത്യന്‍സ് – കെ.എല്‍. രാഹുല്‍ – 976
പഞ്ചാബ് കിങ്‌സ് – വിരാട് കോഹ്‌ലി – 1159
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 906
രാജസ്ഥാന്‍ റോയല്‍സ് – വിരാട് കോഹ്‌ലി – 896
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – സഞ്ജു സാംസണ്‍ – 867
———————————————————————-
ഡെക്കാന്‍ ചാര്‍ജേഴ്‌സ് – രാഹുല്‍ ദ്രാവിഡ് – 339
ഗുജറാത്ത് ലയണ്‍സ് – ഡേവിഡ് വാര്‍ണര്‍ – 336
കൊച്ചി ടസ്‌കേഴ്‌സ് കേരള – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 100
പൂനെ വാറിയേഴ്‌സ് ഇന്ത്യ – ക്രിസ് ഗെയ്ല്‍ – 383
റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – വിരാട് കോഹ്‌ലി – 271
മാര്‍ച്ച് 28ന് 19ാം എഡിഷനിന്റെ ഓപ്പണിങ് മാച്ചില്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ മത്സരത്തിനിറങ്ങും. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.
Content highlight: Virat Kohli is the only player to score 1000 runs against 4 different team in IPL