| Monday, 16th March 2026, 5:05 pm

ചരിത്രത്തിലെ ഒറ്റയാന്‍; കിങ്ങിന്റെ നേട്ടത്തിനായി സഞ്ജുവിറങ്ങുന്നു!

ഫസീഹ പി.സി.

ലോകകപ്പ് ആരവങ്ങള്‍ ഒഴിയും മുമ്പ് തന്നെ ക്രിക്കറ്റ് ലോകം മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയെന്ന ഒറ്റ വികാരത്തില്‍ ഒത്തുചേര്‍ന്നവര്‍ ഇനി ഐ.പി.എല്‍ തുടങ്ങുന്നതോടെ വിവിധ ചേരികളായി മാറും.

മാര്‍ച്ച് 28നാണ് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന ഐ.പി.എല്ലിന്റെ 19ാം എഡിഷന് തുടക്കമാവുക. ബെംഗളൂരു ചിന്നസ്വാമിയില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ സീസണില്‍ അരങ്ങുണരുന്നത്.

ലോകകപ്പില്‍ തിളങ്ങിയ സഞ്ജുവടക്കമുള്ള ഓരോ വമ്പന്‍ താരങ്ങളും ഐ.പി.എല്ലിലും വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അഗ്രസീവ് ബാറ്റിങ്ങിന് ഏറെ പ്രാധാന്യമുള്ള കാലത്ത് ടൂര്‍ണമെന്റില്‍ ആരായിരിക്കും ഇത്തവണത്തെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുക എന്ന ആകാംക്ഷ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍പ്പോള്‍ തന്നെയുണ്ട്. ക്രിക്കറ്റ് അനലിസ്റ്റായ ആകാശ് ചോപ്ര മലയാളി താരം സഞ്ജു സാംസണായിരിക്കും ഐ.പി.എല്‍ 2026ലെ റണ്‍വേട്ടക്കാരാണെന്ന് പ്രവചിച്ചിട്ടുണ്ട്.

സഞ്ജു സാംസൺ. Photo: Johns/x.com

ലോകകപ്പില്‍ സഞ്ജു നടത്തിയ പ്രകടനം ഐ.പി.എല്ലിലും പുറത്തെടുക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. പുതിയ ടീമിനായി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഇറങ്ങുന്ന മലയാളി കീപ്പര്‍ ഈ നേട്ടം സ്വന്തമാക്കുകയാണെങ്കില്‍ ഒരു എലീറ്റ് ലിസ്റ്റിലും താരത്തിന് ഇടം പിടിക്കാം. ഒരേ വര്‍ഷം ടി – 20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുക എന്ന അപൂര്‍വ നേട്ടമാണിത്.

ഇതുവരെ ചരിത്രത്തില്‍ ഒരാള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. മറ്റാരുമല്ല, സാക്ഷാല്‍ വിരാട് കോഹ്‌ലിയെന്ന കിങ്. 2016ലായിരുന്നു വിരാടിന്റെ ഈ നേട്ടം. ആ വര്‍ഷം നടന്ന ലോകകപ്പില്‍ താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സെടുത്തിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറികളടിച്ചായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ ആ ലോകകപ്പിലെ താരമായത്. 136.50 ആവറേജും താരത്തിനുണ്ടായിരുന്നു.

വിരാട് കോഹ്‌ലി. Photo: Crictracker

ലോകകപ്പിന് പിന്നാലെ വിരാട് ഐ.പി.എല്ലിലും കളിക്കാനെത്തി. ആ വര്‍ഷം താരത്തിന്റെ കരുത്തില്‍ ആര്‍.സി.ബി ഫൈനലിലെത്തി. എന്നാല്‍ എസ്.ആര്‍.എച്ചിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. കിരീടം നേടിയില്ലെങ്കിലും ഓറഞ്ച് ക്യാപ് 973 റണ്‍സുമായി കിങ് തന്റെ പേരിലാക്കി.

2016 ഐ.പി.എല്ലില്‍ നാല് സെഞ്ച്വറികളടിച്ചായിരുന്നു വിരാട് ഓറഞ്ച് ക്യാപ് നേടിയെടുത്തത്. ഏഴ് അര്‍ധ സെഞ്ച്വറികളും താരം ഈ സീസണില്‍ അടിച്ചെടുത്തിരുന്നു.

ഇപ്പോള്‍ ഈ നേട്ടത്തില്‍ രണ്ടാമനാകാന്‍ സഞ്ജുവിന് മുന്നില്‍ സുവര്‍ണാവസരമുണ്ട്. എന്നാല്‍, താരം ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമോയെന്ന കാത്തിരുന്ന് കാണണം. മലയാളി വിക്കറ്റ് കീപ്പര്‍ 13 വര്‍ഷത്തെ തന്റെ കരിയറില്‍ ഇതുവരെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടില്ലെന്നത് ഇതിനോട് ചേര്‍ത്ത് വെക്കണം.

2024 സീസണിലാണ് ഓറഞ്ച് ക്യാപ് റേസിലെ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. അന്ന് താരം 16 മത്സരങ്ങളില്‍ കളിച്ച് 531 റണ്‍സാണ് എടുത്തത്. ടൂര്‍ണമെന്റ് റണ്‍ വേട്ടക്കാരില്‍ അഞ്ചാമതായാണ് 17ാം സീസണ്‍ 31കാരന്‍ അവസാനിപ്പിച്ചത്.

Content Highlight: Virat Kohli is the only cricketer to win player of the tournament in T20 World Cup & Orange Cap in IPL; will Sanju Samson can join this list

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more