| Saturday, 10th May 2025, 9:16 am

രോഹിത്തിന് പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങി കോഹ്‌ലി: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറും മുന്‍ നായകനുമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ഈ ആഴ്ച ആദ്യം തന്നെ ബി.സി.സി.ഐയുമായി സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസും ഹിന്ദുസ്ഥാന്‍ ടൈംസും അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കോഹ്‌ലിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീം സെലക്ഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെയ് ഏഴിന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ അറിയിച്ചത്.

രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടീമിനെ നയിക്കാന്‍ പുതിയ ക്യാപ്റ്റനെ തേടുന്നതിനിടയിലാണ് വിരാടും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ത്യന്‍ ബാറ്റിങ്ങിലെ പ്രധാന സാന്നിധ്യങ്ങളായ വിരാടും രോഹിത്തും വിരമിക്കുന്നതോടെ താരതമ്യേനെ പരിചയ കുറവുള്ള ഒരു ടീമായിരിക്കും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക.

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും 11 വര്‍ഷത്തോളം ഇന്ത്യന്‍ ടെസ്റ്റിന്റെ ഭാഗമായിരുന്നു. ഇരുവരും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്.

കോഹ് ലി 2014ലാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായം അണിയുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ ടീമിനെ വലിയ വിജയങ്ങളിലേക്ക് നയിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ താരത്തിനായിരുന്നു.

കോഹ് ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 36 കാരനായ താരം 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് അടിച്ചെടുത്തത്. ഈ ഫോര്‍മാറ്റില്‍ 2011ല്‍ അരങ്ങേറ്റം കുറിച്ച താരത്തിന് 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമുണ്ട്.

Content Highlight: Virat Kohli informs BCCI about his retirement from Test cricket, final call to be taken by selection committee

We use cookies to give you the best possible experience. Learn more