| Monday, 12th January 2026, 5:35 pm

'ചങ്കിനൊപ്പം' വിരാട്; സച്ചിന്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ഇവര്‍ തോളോട് തോള്‍...

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വഡോധര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെ 306 റണ്‍സ് നേടിയാണ് ആതിഥേയര്‍ വിജയക്കൊടി പാറിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 91 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 93 റണ്‍സിനാണ് താരം പുറത്തായത്. ഏഴ് റണ്‍സിന് സെഞ്ച്വറി നഷ്ടമായെങ്കിലും കിങ്ങിന്റെ അര്‍ധ സെഞ്ച്വറിയില്‍ പിറന്നത് ഒരു കിടിലന്‍ റെക്കോഡാണ്.

ഏകദിന ക്രിക്കറ്റില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിരാടിന് സ്വന്തമാക്കാനായത്. ഈ റെക്കോഡില്‍ തന്റെ ആത്മ സുഹൃത്ത് എ.ബി. ഡിവില്ലിയേഴ്‌സിനൊപ്പമെത്താനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഇരു താരങ്ങളും കളത്തില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ 54 തവണയാണ് അര്‍ധ സെഞ്ച്വറികള്‍ നേടിയത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമന്‍.

ഏകദിന ക്രിക്കറ്റില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 56

വിരാട് കോഹ്‌ലി (ഇന്ത്യ) – 54

എ.ബി. ഡിവില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 54

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 49

രോഹിത് ശര്‍മ (ഇന്ത്യ) – 47

സനത് ജയസൂര്യ (ശ്രീലങ്ക) – 47

മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും വിരാടിന് സാധിച്ചിരുന്നു. ഈ നേട്ടത്തില്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ മറികടന്നായിരുന്നു വിരാട് രണ്ടാമനായത്. 28,068 റണ്‍സാണ് നിലവില്‍ താരം സ്വന്തമാക്കിയത്.

അതേസമയം മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ നിലവില്‍ 1-0 എന്നനിലയില്‍ മുന്നിലാണ് ഇന്ത്യ. ഇരുവരും തമ്മിലുള്ള രണ്ടാം ഏകദിനം ജനവരി 14ന് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തില്‍ ഇന്ത്യ തന്നെ ആധിപത്യം തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതേസമയം പരമ്പര കൈവിടാതിരിക്കാന്‍ കിവീസിന് മത്സരത്തില്‍ വിജയിച്ചേ മതിയാകൂ.

Content Highlight: Virat Kohli In Great Record Achievement With A.B De Villiers

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more