ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലിയായിരിക്കും. ഐ.പി.എല്ലിന്റെ 19ാം സീസണില്‍ വിരാടിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് കയ്യില്‍ കരുതിയാണ് വിരാടിന്റെ വരവ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരമെന്ന നേട്ടമാമ് വിരാട് സ്വന്തമാക്കിയത്. 1062 ബൗണ്ടറികളാണ് താരം ഇതുവരെ അടിച്ചെടുത്തത്. വിരാടിനല്ലാതെ ഐ.പി.എല്ലില്‍ മറ്റൊരു താരത്തിനും ഇതുവരെ 1000 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
വിരാട് കോഹ്‌ലി – 1062
രോഹിത് ശര്‍മ – 942
ശിഖര്‍ ധവാന്‍ – 920
ഡേവിഡ് വാര്‍ണര്‍ – 899
ക്രിസ് ഗെയ്ല്‍ – 761
സുരേഷ് റെയ്‌ന – 709
എ.ബി ഡി വില്ലിയേഴ്‌സ് – 664
റോബിന്‍ ഉത്തപ്പ – 663
കെ.എല്‍. രാഹുല്‍ – 660
എം.എസ്. ധോണി – 639
2025ലെ ഫൈനലില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിട്ടത്. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനും വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് വിരാട് 2025ല്‍ നേടിയത്. മാത്രമല്ല 73* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 65.18 എന്ന ആവറേജ് 167.91 എന്ന സ്ട്രൈക്ക് റേറ്റും കിങ് നേടി. എട്ട് അര്‍ധ സെഞ്ച്വറികളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.
മാത്രമല്ല ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിരാട് പതിനെട്ടാം സീസണ്‍ അവസാനിപ്പിക്കുന്നത്. 2008ല്‍ ആര്‍.സി.ബിയില്‍ അരങ്ങേറ്റം നടത്തിയ വിരാട് പിന്നീടുള്ള 259 ഇന്നിങ്സില്‍ നിന്നും 8661 റണ്‍സ് ആണ് നേടിയത്.
Content Highlight: Virat Kohli In Great Record Achievement In IPL History