| Sunday, 29th March 2026, 7:48 am

ഹിറ്റ്മാനെയടക്കം നേക്കുകുത്തിയാക്കി കിങ്ങിന്റെ പടയോട്ടം; വമ്പന്‍ നേട്ടത്തില്‍ ഒന്നാമന്‍ വിരാട്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ലെ  ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരുവും സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു ബെംഗളൂരു.

ഈ വിജയത്തുടക്കത്തോടെ ഐ.പി.എല്‍ ചരിത്രത്തില്‍ 200+ സ്‌കോര്‍ ഏറ്റവും വേഗത്തില്‍ ചെയ്‌സ് ചെയ്യുന്ന ടീമാകാനും ബെംഗളൂരുവിന് സാധിച്ചിരുന്നു.

ബെംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലുമാണ്. 38 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 69* റണ്‍സ് നേടി പുറത്താകാതെ വിരാട് ടീമിന്റെ ടോപ് സ്‌കോററായി.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും കിങ് വിരാടിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടത്തിലാണ് വിരാട് എത്തിച്ചേര്‍ന്നത്. 129 ഇന്നിങ്‌സില്‍ നിന്ന് 181 സിക്‌സറുകളാണ് ഓപ്പണര്‍ എന്ന നിലയില്‍ കോഹ്‌ലി അടിച്ചുകൂട്ടിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ മറികടന്നാണ് വിരാട് റെക്കോഡിട്ടത്.

ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍

വിരാട് കോഹ്‌ലി – 181* (129)

കെ.എല്‍. രാഹുല്‍ – 179 (103)

ശിഖര്‍ ധവാന്‍ – 143 (202)

രോഹിത് ശര്‍മ – 140 (117)

പടിക്കല്‍ 26 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 61 റണ്‍സെടുത്ത്  തിളങ്ങി. ഇവര്‍ക്കൊപ്പം രജത് പടിദാര്‍ (12 പന്തില്‍ 31), ടിം ഡേവിഡ് (10 പന്തില്‍ 16*) റണ്‍സുമെടുത്ത് മികച്ച പ്രകടനം നടത്തി.

ഹൈദരാബാദിനായി ഡേവിഡ് പൈയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജയദേവ് ഉനദ്കട്ടും ഹര്‍ഷ് ദുബെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സും അനികേത് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് തുണയായത്.

ഇഷാന്‍ 38 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 80 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അനികേത് 18 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഹെന്റിക്ക് ക്ലാസന്‍ 22 പന്തില്‍ 31 റണ്‍സും ചേര്‍ത്തു. ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് ഒമ്പത് പന്തില്‍ 11 റണ്‍സെടുത്തു.

ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി. അതേസമയം ഫീല്‍ഡില്‍ങ്ങില്‍ ബെംഗളൂരുവിന് വേണ്ടി ഫില്‍ സാള്‍ട്ട് ബൗണ്ടറി ലൈനില്‍ നിന്ന് രണ്ട് കിടിലന്‍ ക്യാച്ചുകളെടുത്ത് പ്രശംസ പിടിച്ചുപറ്റി.

Content Highlight: Virat Kohli In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more