ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ശ്രേയസ് അയ്യരും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമാണ്. 71 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്.
66 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് വിരാടിന്റെ മടക്കം. പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് വിരാട് കളം വിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാട് നേടിയത്. ഈ നേട്ടത്തില്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് വിരാട് ഇംഗ്ലണ്ടില്‍ ചരിത്രം കുറിച്ചത്.
(താരം-റണ്‍സ്-ഇന്നിങ്‌സ് എന്ന ക്രമത്തില്‍)
വിരാട് കോഹ്‌ലി – 2651 – 75
രാഹുല്‍ ദ്രാവിഡ് – 2645 – 56
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2626 – 56
രോഹിത് ശര്‍മ – 2308* – 55
മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സായിരുന്നു നേടിയത്. 27 പന്തില്‍ 26 റണ്‍സ് നേടിയ രോഹിത് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒരു റണ്‍സുമായി നിരാശപ്പെടുത്തിയാണ് മടങ്ങിയത്.
മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചറും ഗസ് ആറ്റ്കിന്‍സണും മികച്ച പ്രകടനം പുറത്തെടുത്തു. സാഖിബ് മഹ്‌മൂദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് നേടിയത്.
Content Highlight: Virat Kohli In Great Record Achievement