ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലേക്ക് തള്ളിവിട്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ആരും പേടിക്കുന്ന ചെകുത്താന്‍മാരായി മാറിയതും വിരാടിന്റെ ക്യാപ്റ്റന്‍സിയിലാണ്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 30 സെഞ്ച്വറിയടക്കം 9230 റണ്‍സാണ് കിങ് കോഹ്‌ലി നേടിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ 15ാമനും ഇന്ത്യന്‍ താരങ്ങളില്‍ നാലാമനുമാണ് വിരാട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗവാസ്‌കര്‍ (34) എന്നിവരാണ് വിരാടിന് മുമ്പിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ 15ാം സ്ഥാനത്താണെങ്കിലും മറ്റൊരു റെക്കോഡില്‍ വിരാട് ഒന്നാമതാണ്. സെഞ്ച്വറി നേടിയ 30 ഇന്നിങ്‌സില്‍ 27ലും വിരാട് തന്നെയായിരുന്നു ടോപ് സ്‌കോറര്‍. അതായത് വിരാട് സെഞ്ച്വറിയടിച്ച 90 ശതമാനം മത്സരങ്ങളിലും വിരാട് തന്നെയാണ് ടീമിന്റെ ടോപ് സ്‌കോററായത്.
ഇതിഹാസ താരങ്ങളായ ഡോണ്‍ ബ്രാഡ്മാന് 89 ശതമാനവും (29 സെഞ്ച്വറികള്‍) ബ്രയാന്‍ ലാറയ്ക്ക് 88 ശതമാനവും മത്സരങ്ങളിലാണ് (34) സെഞ്ച്വറി നേടിയപ്പോള്‍ ടോപ് സ്‌കോററാകാന്‍ സാധിച്ചത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് (51 സെഞ്ച്വറി) 83 ശതമാനവും ആക്ടീവ് പ്ലെയേഴ്‌സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ജോ റൂട്ടിന് (36 സെഞ്ച്വറി) 82 ശതമാനം മത്സരങ്ങളിലുമാണ് ഈ നേട്ടമുള്ളത്.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളത്തിലിറങ്ങിയാണ് വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കിങ്സ്റ്റണില്‍ നടന്ന മത്സരത്തിലെ രണ്ട് ഇന്നിങ്സില്‍ നിന്നും 64 പന്ത് നേരിട്ട് 19 റണ്‍സാണ് നേടാന്‍ സാധിച്ചത്.
കരിയറിലെ നാലാം മത്സരത്തിലാണ് വിരാടിന്റെ പേരില്‍ ആദ്യ അര്‍ധ സെഞ്ച്വറി കുറിക്കപ്പെടുന്നത്. അരങ്ങേറ്റം കുറിച്ച അതേ വര്‍ഷം, തന്റെ ആദ്യ ഹോം മാച്ചില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരാട് തകര്‍ത്തടിച്ചു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 52 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 63 റണ്‍സും സ്വന്തമാക്കി.
2012ല്‍ ഓസ്ട്രേലിയക്കെതിരെയാണ് വിരാട് ടെസ്റ്റില്‍ ആദ്യമായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 116 റണ്‍സ് നേടിയാണ് തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലിലൊന്ന് വിരാട് കുറിച്ചത്.
ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ 123 മത്സരത്തിലെ 210 ഇന്നിങ്സില്‍ നിന്നും 30 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയുമാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്. 46.85 ശരാശരിയില്‍ റണ്‍സടിച്ച താരത്തിന്റെ ഏറ്റവുമയുര്‍ന്ന സ്‌കോര്‍ 2019ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 254 റണ്‍സാണ്.
Content Highlight: Virat Kohli has been the team’s top scorer in 90 percent of the matches in which he has scored a century.