| Monday, 2nd November 2026, 5:48 pm

വിരാടോ രോഹിത്തോ? ന്യൂസിലാന്‍ഡിനെതിരെ ആര് സെഞ്ച്വറി നേടുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

ദേവിക ജയചന്ദ്രന്‍

ന്യൂസിലാന്‍ഡിനതിരെയുള്ള ടി-20 പരമ്പര 3-2ന് സ്വന്തമാക്കിയതിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ഇന്ത്യ ഇറങ്ങുകയാണ്. നവംബര്‍ നാലിന് ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് ആദ്യ മത്സരം.

പരമ്പരയില്‍ രോഹിത് ശര്‍മയെക്കാള്‍ സെഞ്ച്വറി നേടാന്‍ സാധ്യത കൂടുതല്‍ വിരാട് കോഹ്‌ലിയ്ക്കാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. മൂന്നാം നമ്പറിലിറങ്ങുന്നതിനാല്‍ കോഹ്‌ലിയ്ക്ക് ആങ്കര്‍ റോള്‍ വഹിക്കാനാകുമെന്നും, പവര്‍പ്ലെയിലെ ആക്രമണചുമതലയുള്ള രോഹിതിന്റെ റോള്‍ ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങളില്‍ മാറിയേക്കാമെന്നും ജിയോ ഹോട്‌സ്റ്റാറില്‍ പൂജാര പറഞ്ഞു.

ചേതേശ്വർ പൂജാര. Photo: MahiPatel/x.com

‘രോഹിത് ബാറ്റ് ചെയ്യുന്ന രീതിയനുസരിച്ച് പവര്‍പ്ലേയില്‍ മികച്ച തുടക്കം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല. ന്യൂസിലന്‍ഡില്‍ ഒരുപക്ഷേ ആ റോള്‍ മാറിയേക്കാം, അപ്പോള്‍ അദ്ദേഹത്തിന് സെഞ്ചുറിക്ക് ശ്രമിക്കാം. എന്നാല്‍ വിരാടിന് സാധ്യത അല്‍പ്പം കൂടുതലാണ്, കാരണം അദ്ദേഹം മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്.

ആങ്കര്‍ റോള്‍ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മൂന്നാം നമ്പറില്‍ വരുന്ന ബാറ്റര്‍ക്ക് ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത് താരതമ്യേന എളുപ്പമാണ്. ഓപ്പണറുടെ റോളും വ്യക്തമായി നിര്‍വചിക്കപ്പെട്ടതാണ്, പക്ഷേ ന്യൂസിലന്‍ഡ് സാഹചര്യങ്ങളില്‍ അത് അല്‍പ്പം മാറും. അതിനാല്‍ രോഹിതിനെക്കാള്‍ ന്യൂസിലന്‍ഡില്‍ സെഞ്ചുറി നേടാന്‍ കൂടുതല്‍ സാധ്യത വിരാടിനാണെന്ന് ഞാന്‍ കരുതുന്നു,’ ജിയോഹോട്ട്സ്റ്റാറില്‍ പൂജാര പറഞ്ഞു.

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങളുടെ ഭാഗമാണ് ഈ പരമ്പര. രാജ്യാന്തര തലത്തില്‍ ഏക ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന രോഹിത്തിനും കോഹ്‌ലിക്കും പരമ്പര നിര്‍ണായകമാണ്

ഇരുവരും മികച്ച ഫോമിലാണ്. ഇന്ത്യയില്‍ വെച്ച് നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇരുവരും ഓരോ സെഞ്ചുറി വീതം നേടിയിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അടുത്ത ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം ഉറപ്പിക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.

ന്യൂസിലന്‍ഡില്‍ കോഹ്‌ലിക്ക് മികച്ച ഏകദിന റെക്കോര്‍ഡാണുള്ളത്. 13 ഇന്നിങ്‌സുകളില്‍നിന്ന് 49.66 ശരാശരിയില്‍ 596 റണ്‍സ് താരം നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, രോഹിത് 13 ഇന്നിങ്‌സുകളില്‍നിന്ന് 36.41 ശരാശരിയില്‍ 437 റണ്‍സ് നേടിയിട്ടുണ്ട്. നാല് അര്‍ധസെഞ്ചുറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

പരമ്പര 2-2ന് അവസാനിക്കുമെന്നും പൂജാര പ്രവചിച്ചു. അഞ്ച് മത്സരങ്ങളിലായി ഇന്ത്യന്‍ ടീമില്‍ വരുന്ന മാറ്റങ്ങള്‍ സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് വിലയിരുത്തുന്ന അദ്ദേഹം, അവസാന രണ്ട് മത്സരങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുമെന്നും പ്രതീക്ഷിക്കുന്നു.

‘ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒരു ടീമാണ് കളിക്കുന്നത്, അവസാന രണ്ട് മത്സരങ്ങളില്‍ മറ്റൊരു ഇന്ത്യന്‍ ടീമായിരിക്കും കളിക്കുക. അഞ്ച് മത്സരങ്ങളിലും ഒരേ ടീമിനെ (ഇന്ത്യ) ഇറക്കാത്തതിനാല്‍ ന്യൂസിലന്‍ഡിന് നേരിയ മുന്‍തൂക്കമുണ്ടെന്ന് ഞാന്‍ കരുതുന്നു. എങ്കിലും ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനാണ് മുന്‍തൂക്കം, അവര്‍ നന്നായി കളിക്കുമെന്നാണ് എന്റെ വിശ്വാസം. അവസാന രണ്ട് മത്സരങ്ങള്‍ അല്‍പ്പം വെല്ലുവിളിയാകാം, പക്ഷേ കടുത്ത പോരാട്ടമായിരിക്കും. ന്യൂസിലന്‍ഡില്‍ മഴയുമുണ്ട്, അതുകൊണ്ട് ഒരു മത്സരം മഴ മൂലം ഒലിച്ചുപോകാനും സാധ്യതയുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ ശുഭ്മന്‍ ഗില്‍ ആണ് നയിക്കുന്നത്. അവസാനത്തെ രണ്ട് മത്സരങ്ങള്‍ ശ്രേയസ് അയ്യരും.

Content Highlight: Virat Kohli Given ‘Higher Chance’ Than Rohit Sharma For Scoring ODI Century In NZ, says Chetheswar Pujara.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more