ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി 2025 മെയ് മാസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. രോഹിത് ശര്‍മ തന്റെ പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിടവാങ്ങല്‍. അതിന് പിന്നാലെ താരം തിരിച്ചുവരണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു.
കോഹ്‌ലിയുടെ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് പല അഭ്യൂഹങ്ങളും പലപ്പോഴായി പരക്കാറുണ്ട്. കഴിഞ്ഞ മാസവും താരത്തിന്റെ മടങ്ങിവരവിന് കുറിച്ചുള്ള റൂമറുകള്‍ ഉയര്‍ന്നുകേട്ടു. കോഹ്‌ലി തന്റെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മയ്ക്ക് റെഡ് ബോള്‍ തീമിലുള്ള ഒരു ജോഡി ഷൂ സമ്മാനിച്ചതോടെയാണ് ഇതിന്റെ തുടക്കം.
കോഹ്‌ലിയുടെ പരിശീലകന്റെ പ്രതികരണവും ശ്രദ്ധയാകര്‍ഷിച്ചു. ‘നിനക്ക് എന്തുകൊണ്ടാണ് റെഡ് ബോള്‍ ക്രിക്കറ്റ് പ്രധാനപ്പെട്ടതെന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ദിവസങ്ങള്‍ക്ക് ശേഷം ‘ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം,’ പരിശീലകന്‍ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാവുകയായിരുന്നു.
ഇതിനെല്ലാം പുറമെ, രവി ശാസ്ത്രിക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് വേഷത്തോട് സാമ്യമുള്ള സ്വെറ്റര്‍ ധരിച്ച് കോഹ്‌ലിയെത്തിയതും ആരാധകര്‍ ഏറ്റെടുത്തു. അതോടെ വീണ്ടും താരത്തിന്റെ ടെസ്റ്റ് മടങ്ങിവരവ് വലിയ ചര്‍ച്ചയായി.
എന്നാലിപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് വെളിപ്പെടുത്തുകയാണ് കോഹ്‌ലി. ന്യൂഡല്‍ഹിയില്‍ നടന്ന ‘വണ്‍8’ ഫൂട്‌വെയര്‍ ബ്രാന്‍ഡിന്റെ ലോഞ്ചിനിടെ അവതാരകന്‍ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘പുതിയ റെഡ് ഷൂവിന്റെ വിലയായ 9,230 രൂപ താരത്തിന്റെ ടെസ്റ്റ് റണ്‍സിന് സമാനമാണല്ലോ. അത് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ഒരു മടങ്ങിവരവിന്റെ സൂചനയാണോ’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
എന്നാല്‍, ഈ അഭ്യൂഹങ്ങളെ കോഹ്‌ലി അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞു. ‘ഇല്ല, ഒരിക്കലുമല്ല. ഞാന്‍ ആ അധ്യായം അവസാനിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി,’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
കോഹ്‌ലിയുടെ പ്രതികരണം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ്.
Content Highlight: Virat Kohli ends speculation about his return to Test Cricket with a firm no