| Thursday, 30th April 2026, 9:27 pm

ഏഷ്യന്‍ വന്‍കരയും കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് കിങ് കോഹ്‌ലി

Sudev A

ടി-20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി. ഏഷ്യയില്‍ 12,000 ടി-20 റണ്‍സ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് വിരാട് റെക്കോര്‍ഡിട്ടത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് കോഹ്ലിയെ തേടി ഈ നേട്ടമെത്തിയത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 13 പന്തില്‍ 28 റണ്‍സാണ് കോഹ്‌ലി നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഏഷ്യയില്‍ 10252 റണ്‍സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക് ആണ് വിരാടിന് പുറകിലുള്ളത്.

ഏഷ്യയില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി-12012

ഷൊയ്ബ് മാലിക്-10252

രോഹിത്-10023

ബാബര്‍ അസം-9243

ഡേവിഡ് വാര്‍ണര്‍-8972

ശിഖര്‍ ധവാന്‍-8930

സൂര്യകുമാര്‍ യാദവ്-8270

സഞ്ജു സാംസണ്‍-8106

ക്രിസ് ഗെയ്ല്‍-7988

കെ.എല്‍. രാഹുല്‍-7628

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ടി-20യില്‍ ഒരു രാജ്യത്തില്‍ നിന്ന് മാത്രമായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ താരവും കോഹ്‌ലി തന്നെയാണ്. സീസണില്‍ ഗുജറാത്തിനെതിരായ ആദ്യ മത്സരത്തില്‍ തന്നെയാണ് കോഹ്‌ലി ഈ നേട്ടവും സ്വന്തമാക്കിയിരുന്നത്. ഇന്ത്യ, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് വിരാട് ഇന്ത്യയില്‍ നിന്നും ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 19.5 ഓവറില്‍ 155 റണ്‍സിന് പുറത്തായി. മത്സരത്തില്‍ കോഹ്‌ലിക്ക് പുറമെ 26 പന്തില്‍ 40 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് പൊരുതി നിന്നത്. ക്യാപ്റ്റന്‍ രജത് പടിദാര്‍ 19 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് 17 റണ്‍സും നേടി.

ഗുജറാത്ത് ബൗളിങ്ങില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോള്‍ ആര്‍.സി.ബി ബാറ്റിങ് നിര തകരുകയായിരുന്നു. കഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight: Virat Kohli Create a new record in t20 cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more