2026 ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ഒന്നാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസുമാണ് ഏറ്റുമുട്ടുന്നത്. ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മൻ ബൗളിങ് തെരഞ്ഞെടുത്തു.
ആർ.സി.ബിയുടെ ആദ്യ ഇന്നിങ്സിനിടെ ഒരു പുതിയ ചരിത്ര നേട്ടമാണ് വിരാട് കോഹ്‌ലി തന്റെ പേരിലെഴുതി ചേർത്തത്. ഈ സീസണിലും 600 റൺസ് കടന്ന് മുന്നേറുകയാണ് കോഹ്‌ലി. ഐ.പി.എൽ ചരിത്രത്തിൽ തുടർച്ചയായി നാല് സീസണുകളിൽ 600+ റൺസ് നേടുന്ന ആദ്യ താരമാണ് വിരാട്. 2023ൽ 639 റൺസും 2024ൽ 714 റൺസും 2025ൽ 657 റൺസുമാണ് വിരാട് നേടിയത്. തുടർച്ചയായ മൂന്ന് സീസണിൽ 600+ റൺസ് നേടിയ ക്രിസ് ഗെയ്ൽ, ഡേവിഡ് വാർണർ, കെ.എൽ. രാഹുൽ എന്നിവരെ മറികടന്നു കൊണ്ടാണ് കോഹ്‌ലി ഒന്നാമനായത്.
മത്സരത്തിൽ 43 റൺസ് നേടിയാണ് വിരാട് മടങ്ങിയത്. 25 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരം സ്വന്തമാക്കിയത്. ജേസൺ ഹോൾഡറിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് വിരാടിന്റെ മടക്കം. ഈ സീസണിൽ 600 റൺസ് പിന്നിടാൻ കോഹ്‌ലിക്ക് 43റൺസ് മാത്രം മതിയായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് 557 റൺസാണ് കോഹ്‌ലി നേടിയിരുന്നത്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറികളും താരം ഈ സീസണിൽ നേടി.
അതേസമയം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു പ്ലേ ഓഫിലേക്ക് കടന്നത്. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയവും അഞ്ച് തോൽവിയും അടക്കം 18 പോയിന്റ് നേടിയാണ് ബെംഗളൂരു ഫിനിഷ് ചെയ്തത്. +0.783 എന്ന നെറ്റ് റൺറേറ്റും ബെംഗളൂരു നേടിയരുന്നു. 14 മത്സരങ്ങളിൽ ഒമ്പത് വിജയവും അഞ്ച് തോൽവിയും നേരിട്ട് 18 പോയിന്റ് നേടി ഗുജറാത്ത് തൊട്ടു പുറകിലാണ് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. +0.695 എന്ന നെറ്റ് റൺറേറ്റായിരുന്നു ഗുജറാത്തിനുണ്ടായിരുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവൻ
വെങ്കിടേഷ് അയ്യർ, വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, രജത് പട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്, റാഷിഖ് സലാം ദാർ.
ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ
സായ് സുദർശൻ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ) വാഷിങ്ങ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, കുൽവന്ത് ഖെജോലിയ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Content Highlight: Virat Kohli create a new historical record in IPL