ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വെല്ലിങ്‌ടണിലെ റീജിയണൽ സേ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 41 ഓവറിൽ 134 ന് ഓൾ ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 113 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ നിൽക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവിൽ ഡക്ക് വർത്ത് ലൂയിസ് കണക്കുകൾ പ്രകാരം വിജയലക്ഷ്യം 26 ഓവറിൽ 110 റൺസാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ കെ.എൽ രാഹുലുമാണ്. അയ്യർ 30 റൺസും രാഹുൽ പുറത്താവാതെ 26 റൺസുമാണ് നേടിയത്. മുൻനായകൻ രോഹിത് ശർമ 23 റൺസ് നേടിയപ്പോൾ വിരാട് കോഹ്‌ലി മത്സരത്തിൽ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയ കോഹ്‌ലി ഏഴ് റൺസ് നേടിയാണ് മടങ്ങിയത്.
മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ന്യൂസിലാൻഡിനെതിരെ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയാണ് വിരാട് മടങ്ങിയത്. ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയാണ് വിരാട് റെക്കോഡിട്ടത്.
1,978 റൺസാണ് കോഹ്‌ലി കിവികൾക്കെതിരെ ഏകദിനത്തിൽ അടിച്ചെടുത്തത്. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോഡാണ് താരം മറികടന്നത്. മത്സരത്തിൽ ഒരു റൺസ് നേടിയതോടെയാണ് കോഹ്‌ലി പോണ്ടിങ്ങിനെ മറികടന്നത്.
(താരം, ടീം, റൺസ് എന്ന ക്രമത്തിൽ)
വിരാട് കോഹ്‌ലി – ഇന്ത്യ – 1,978
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 1,971
സച്ചിൻ ടെണ്ടുൽക്കർ – ഇന്ത്യ – 1,750
കുമാർ സംഗക്കാര – ശ്രീലങ്ക – 1,568
സനത് ജയസൂര്യ – ശ്രീലങ്ക – 1519
അതേസമയം ഇന്ത്യൻ ബൗളർമാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ 104 പന്തിൽ 55 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ.
ഇന്ത്യൻ ബൗളിങ്ങിൽ നാല് വിക്കറ്റ് നേടി ഗുർണൂർ ബ്രാർ മികച്ച പ്രകടനമാണ് നടത്തിയത്. ഔഖിബ് നബി, അക്‌സർ പട്ടേൽ, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ്. നവംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. ഈ മത്സരം കൂടി വിജയിക്കാനായാൽ ഗില്ലിനും സംഘത്തിനും പരമ്പര സ്വന്തമാക്കാൻ സാധിക്കും. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ കിവീസിനും വിജയം അനിവാര്യമാണ്.
Content Highlight: Virat Kohli create a historical record against New Zealand in ODI