| Sunday, 20th September 2026, 7:40 am

ഓരോ മത്സരത്തില്‍ ഓരോ റണ്‍ വീതമെടുത്താല്‍ പോലും 16 ഇന്നിങ്‌സ് ബാക്കി! വിന്‍ഡീസിനെയടിച്ച് സച്ചിനെ വീഴ്ത്താന്‍ വിരാട്

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏകദിന, ടി-20 പരമ്പരകളാണ് കരീബിയന്‍സ് ഇന്ത്യയിലെത്തി കളിക്കുക. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഏകദിന പരമ്പരയെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ പരിചയസമ്പന്നരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ഭാഗമാണ്. മൂവരും അടുത്ത ലോകകപ്പിനുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഇവര്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

Photo: BCCI

ഈ പരമ്പരയില്‍ വിരാട് കോഹ്‌ലിയെ ഒട്ടനേകം നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ 15,000 റണ്‍സ് എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. പരമ്പരയില്‍ വെറും 59 റണ്‍സ് നേടിയാല്‍ വിരാടിന് ഈ നാഴികക്കല്ലിലെത്താം. അങ്ങനെയെങ്കില്‍ ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ രണ്ടാമത് മാത്രം താരമായും വിരാട് മാറും.

വിരാട് കോഹ്‌ലി. Photo: BCCI/x.com

2008ല്‍ ഏകദിന കരിയര്‍ ആരംഭിച്ച വിരാട് 302 ഇന്നിങ്‌സില്‍ നിന്നുമായി 14,949 റണ്‍സാണ് ഇതുവരെ നേടിയത്. 58.59 എന്ന മികച്ച ശരാശരിയില്‍ ബാറ്റ് വീശുന്ന താരം 54 സെഞ്ച്വറികളും 79 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും വിരാട് തന്നെയാണ്.

ഇതിനൊപ്പം മറ്റൊരു ഐതിഹാസിക നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഏറ്റവും വേഗത്തില്‍ 15,000 ഏകദിന റണ്‍സെന്ന നേട്ടമാണിത്. ഇനിയുള്ള 74 ഇന്നിങ്‌സുകള്‍ക്കുള്ളില്‍ 59 റണ്‍സ് നേടിയാല്‍ പോലും വിരാടിന് ഈ റെക്കോഡിലെത്താന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

വിരാട് കോഹ്‌ലി. Photo: BCCI/x.com

തന്റെ 377ാം ഇന്നിങ്‌സില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കിയ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് തകര്‍ത്താണ് വിരാട് ഈ നേട്ടത്തില്‍ ഒന്നാമനാവുക.

എന്നാല്‍ ഏറ്റവുമധികം ഏകദിന റണ്‍സ് എന്ന സച്ചിന്റെ നേട്ടം മറികടക്കാന്‍ ഇതൊന്നും മതിയാകില്ല. 50 ഓവര്‍ ഫോര്‍മാറ്റില്‍ 18,426 റണ്‍സടിച്ച സച്ചിനൊപ്പമെത്താന്‍ വിരാട് ഇനിയും 3,485 റണ്‍സ് കൂടി സ്വന്തമാക്കേണ്ടതുണ്ട്. സച്ചിന്റെ എണ്ണമറ്റ റെക്കോഡുകള്‍ തന്റെ പേരിലാക്കിയ വിരാടിന്, എന്നാല്‍ ഈ നേട്ടം സ്വന്തമാക്കുക ഏറെ പ്രയാസം തന്നെയാകും.

സച്ചിൻ ടെൻഡുൽക്കർ

അതേസമയം, സെപ്റ്റംബര്‍ 27നാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനിറങ്ങുക. ഇന്ത്യയ്ക്ക് തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിമാണ് വേദി.

സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലും ഒക്ടോബര്‍ മൂന്നിന് പി.സി.എ സ്റ്റേഡിയത്തിലുമാണ് ശേഷിച്ച മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ധ്രുവ് ജേെുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്സ്വാള്‍, നമന്‍ ധിര്‍.

Content Highlight: Virat Kohli could become the player to complete 15,000 runs in ODIs if he scores another 59 runs.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more