ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സീഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിലവില്‍ 40.2 ഓവറില്‍ 185 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.
നിലവില്‍ മഴ മൂലം മത്സരം നിര്‍ത്തിവെച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് നേടിയത്. ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിന് രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. കൈല്‍ ജാമിസണിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറിന്റെ കയ്യില്‍ കരുങ്ങുകയായിരുന്നു രോഹിത്.
ക്രീസിലുള്ളത് 32 പന്തില്‍ 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 27 പന്തില്‍ 29 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ്. അഞ്ച് ഫോര്‍ ഉള്‍പ്പെടെയാണ് വിരാട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മൂന്നാം സ്ഥാനത്തിറങ്ങി 13000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് വിരാടിന് സാധിച്ചത്. ഈ മാന്ത്രികസംഖ്യയിലെത്തുന്ന ഏക വണ്‍ ഡൗണ്‍ ബാറ്ററാണ് വിരാട്.
(താരം റണ്‍സ് ശരാശരി എന്ന ക്രമത്തില്‍)
വിരാട് കോഹ്‌ലി – 13,000* – 61.61
റിക്കി പോണ്ടിങ് – 12,662 – 42.48
കുമാര്‍ സംഗക്കാര – 9,747 – 44.71
ജാക്വസ് കാലിസ് – 7,774 – 45.72
കെയ്ന്‍ വില്യംസണ്‍ – 6,504 – 51.61
ബാബര്‍ അസം – 6,054 – 55.54
അതേസമയം അവസാന വിക്കറ്റില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ബ്ലെയിര്‍ തിക്‌നറാണ് കിവീസിനെ മുന്നോട്ട് കൊണ്ടുപോയത്. 38 റണ്‍സ് നേടിയ ടിം സീഫേര്‍ട്ട്, 30 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 28 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവര്‍ കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.
ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാന്‍ഡിനെ തകര്‍ക്കാന്‍ സാധിച്ചത്. അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റ് നേടി ഗുര്‍ണൂര്‍ ബ്രാറും രണ്ട് വിക്കറ്റ് നേടി അന്‍ഷുല്‍ കാംബോജും തിളങ്ങി.
Content Highlight: Virat Kohli Complete 13000 Runs At third Position In ODI