| Saturday, 25th April 2026, 7:43 pm

ഒറ്റ റൺസ് പോലും നേടാതെ രോഹിത്തിനെ മറികടന്നു; വിരാട ചരിതം തുടരുന്നു

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. 10 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നുകൊണ്ടാണ് ആര്‍.സി.ബിയുടെ കുതിപ്പ്. മികച്ച റണ്‍ റേറ്റാണ് ആര്‍.സി.ബിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്.

വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബിയുടെ വിജയം. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. 27 പന്തില്‍ രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളുമായി 55 റണ്‍സാണ് പടിക്കല്‍ നേടിയത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത് കോഹ്ലിയാണ്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഇതോടെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായും കോഹ്ലി മാറി. ഇത് 23ാം തവണയാണ് വിരാടിനെ തേടി ഈ നേട്ടമെത്തുന്നത്. 22 തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കോഹ്ലിയുടെ നേട്ടം. 19 തവണ ഈ നേട്ടത്തിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസം സുരേഷ് റെയ്നയാണ് ഈ നേട്ടത്തില്‍ മൂന്നാമന്‍.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.

ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും നാല് തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.

Content Highlight: Virat Kohli Break Rohit Sharma Record in Franchise T20

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more